കോഴിക്കോട്: മക്കളെ നേർവഴി നടത്താനാണ് മാതാപിതാക്കൾ ശ്രമിക്കുക. പക്ഷേ കോഴിക്കോടൊരു ബാപ്പ തന്റെ മകനേയും സ്വന്തം തൊഴിലിൽ സംഘാംഗമാക്കി മാറ്റി. മകനെ മാത്രമല്ല അവരുടെ കൂട്ടുകാരും എല്ലാം ബാപ്പയുടെ തസ്ക്കര സംഘത്തിൽ ചേർത്തു അയാൾ. അങ്ങനെ കുപ്രസിദ്ധമായ ആ ക്രിമിനൽ സംഘത്തിന് 'ബാപ്പയും മക്കളും’എന്ന് പേര് വീണു. ഇതിനെല്ലാം ചക്കിൻകടവ് സ്വദേശി ഫസലുദീൻ എംപിക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, ആഡംബര ജീവിതം.
മകൻ ഫാസിൽ, സഹോദരന്റെ മകൻ മുഹമ്മദ് ഷിഹാൻ, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അൻഷിദ്, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരെല്ലാം സംഘാഗങ്ങളായി. നിരവധി മോഷണക്കേസുകൾ പേരിലുള്ള സംഘം അറസ്റ്റിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ സംഘത്തിന് പക്ഷെ തിരിച്ചറിവുണ്ടായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ വീണ്ടും മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ആയിരുന്നു ഇവർ പിടിയിലാകുന്നത്. ഡിസിപി കെഇ ബൈജുവിന്റെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് എസ്എച്ചഒ എംഎൽ ബെന്നി ലാലുവും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മകനും പിതാവും മോഷണസംഘാംഗമായി പിടികൂടുന്നത് അപൂർവ്വമായാണ് സംഭവിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളായ ഇവരെ പുതിയ കേസിൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. മലാലാപ്പറമ്പിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് കാണാതായ മൊബൈൽ ഫോണുകൾ അടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണക്കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ഇവർ ഈ മാസം ആറിനാണ് ജാമ്യത്തിൽ ഇറങ്ങിയത്. മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ രീതി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
Post a Comment