കാരശ്ശേരി :ആരോഗ്യമേഖലയിലെ നൂതനവും രോഗികൾക്ക് ഏറെ പ്രയോജനകരവുമായ ഇ - ഹെൽത്ത് സംവിധാനത്തിന് കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കം കുറിച്ചു. ഇവിടെയെത്തുന്ന രോഗികളുടെ പരിശോധനയും ലാബ് , ഫാർമസി സർവീസുകളുമെല്ലാം ഇനി ഇ - ഹെൽത്ത് സംവിധാനത്തിലൂടെയാകും. അതോടെ പരിശോധനക്കുറിപ്പുകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഇനി ഒരു കാർഡ് മുഖേന ഏതു സമയത്തും ഏതു ഡോക്ടർക്കും മറ്റുള്ള സർക്കാർ ഹോസ്പിറ്റലുകളിലും ലഭ്യമാവും.
ആധാർ അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനത്തിലൂടെ ഇ- ഹെൽത്തിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ പൗരന്റേയും മുഴുവൻ ആരോഗ്യ വിവരങ്ങളും ഇലക്ട്രോണിക് റെക്കോർഡായി ക്രോഡീകരിച്ച് സൂക്ഷിക്കും . ക്രോഡീകരിച്ച വ്യക്തിഗത വിവരങ്ങൾ എതു ആശുപത്രിയിലേയും കമ്പ്യൂട്ടറിലും ലഭിക്കുമെന്നതിനാൽ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ യു എച്ച് ഐ ഡി കാർഡ് ലഭിച്ചിട്ടുള്ള ഏതൊരാൾക്കും തുടർ ചികിൽസയും ആശുപത്രി സേവനങ്ങളും ആയാസരഹിതമാവും. അഡ്വാൻസ് ടോക്കൺ വരെ ലഭിക്കുന്ന തരത്തിലാണ് ഇ ഹെൽത്തിൻ സംവിധാനം . ഇ ഹെൽത്ത് പദ്ധതി യു എച്ച് ഐ ഡി കാർഡ് വിതരണം ചെയ്ത് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത വി പി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ നോഡൽ ഓഫീസർ ഡോ: പി പി പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ കുഞ്ഞാലി മമ്പാട്ട് ,ശിവദാസൻ കരോട്ടിൽ , മെഡിക്കൽ ഓഫീസർ ഡോ: സജ്ന ഹെൽത്ത് ഇൻസ്പെക്ടർ അരുൺ ലാൽ പബ്ലിക് ഹെൽത്ത് നേഴ്സ് സിജിമോൾ സ്റ്റാഫ് നേഴ്സ് ഷാന്റിമോൾ എച്ച് എം സി മെമ്പർമാർ ആരോഗ്യപ്രവർത്തകർ ആശാ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
Post a Comment