കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോപണ വിധേയരായ 5 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഉത്തരവ് റദ്ദ് ചെയ്യാൻ ഡിഎംഇ പ്രിൻസിപ്പലിന് നിർദേശം നൽകി. ജീവനക്കാർക്കെതിരായ അന്വേഷണം തുടരുമെന്നും പ്രിൻസിപ്പൽ ഡോക്ടർ മല്ലിക ഗോപിനാഥ് പറഞ്ഞു. പീഡന പരാതി പിൻവലിക്കാൻ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് 5 വനിതാ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ജീവനക്കാരെ തിരിച്ചെടുത്ത കാര്യം അറിയില്ലെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെയാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇയാൾക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിത അറ്റൻർമാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയതും സമ്മർദ്ദം ചെലുത്തിയതും. അതിജീവിത നൽകിയ പരാതിയിൻമേൽ ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
ഗ്രേഡ് 1 അറ്റൻറർമാരായ ആസ്യ എൻ കെ , ഷൈനി ജോസ്, ഷലൂജ ,ഗ്രേഡ് 2 അറ്റൻറർ ഷൈമ , നഴ്സിംഗ് അസിസ്റ്റൻറ് പ്രസീത മനോളി എന്നിവരാണ് അതിജീവിതയുടെ മൊഴിമാറ്റാൻ ശ്രമിച്ചത്. ഇവർക്കെതിരെ നിലവിൽ മെഡി. കോളേജ് പൊലീസ് ഭീഷണിപ്പെടുത്തൽ, ഇരയെ സ്വാധീനിക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ്സെടുത്തെങ്കിലും പ്രതികൾ ജാമ്യത്തിലാണ്. കുറ്റപത്രം നൽകാനുളള നടപടികൾ പുരോഗമിക്കുന്നതായി മെഡി. കോളേജ് പൊലീസ് അറിയിച്ചു.
Post a Comment