Jun 13, 2023

കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ; നേട്ടം സ്വന്തമാക്കി അനുഗ്രഹ


കോഴിക്കോട് പേരാമ്പ്ര റൂട്ടിലെ നോവ ബസിന്റെ വളയം ഒരു പെൺകുട്ടിയുടെ കൈകളിൽ ഭദ്രമാണ്. ജില്ലയിലെ തന്നെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മേപ്പയൂർ എടത്തിൽ മുക്ക് കാവതിക്കണ്ടി സ്വദേശി അനുഗ്രഹ. സോഷ്യൽ മീഡിയയിലെ തരംഗമാണ് ഇപ്പോൾ അനുഗ്രഹയുടെ ഡ്രൈവിംഗ്. 

ചെറുപ്പം മുതൽ അനുഗ്രഹയ്ക്ക് സാഹസികതയും ഡ്രൈവിങുമായിരുന്നു ഇഷ്ടം. ആ ഇഷ്ടം കൂടിവന്നപ്പോൾ ബസ് ഓടിക്കാൻ ആഗ്രഹം, അതിനുള്ള ഹെവി ലൈസൻസും കഴിഞ്ഞയാഴ്ച സ്വന്തമാക്കി. അങ്ങനെ ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള തന്റെ ആഗ്രഹവും സഫലീകരിച്ചിരിക്കുകയാണ് ഈ 24 കാരി.പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസിലാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ച് ഡ്രൈവിങ് സീറ്റിൽ അനുഗ്രഹ ഇരുന്നത്. ലൊജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദധാരിയായ അനുഗ്രഹ ഇപ്പോൾ വിദേശത്ത്‌ ജോലിയ്ക്ക് ശ്രമിക്കുകയാണ്. ജോലി ലഭിക്കുന്നതുവരെ ഡ്രൈവിങ്ങ് തുടരാനാണ് തീരുമാനം.

മുരളീധരൻ ചന്ദ്രിക ദമ്പതിമാരുടെ മകളാണ് മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ മണാലിയിൽ നടന്ന അഡ്വഞ്ചറസ് ക്യാമ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അനുഗ്രഹ പങ്കെടുത്തിരുന്നു. ഇത് സാഹസികതയ്ക്കു കരുത്തുപകരാൻ ഏറെ സഹായമായെന്ന് അനുഗ്രഹ പറഞ്ഞു.

വോളിബോൾ താരമെന്ന നിലയിലും കൊയിലാണ്ടി ഗവ.കോളജിൽ പഠിക്കുന്ന സമയത്തു മികവു തെളിയിക്കാൻ അനുഗ്രഹയ്ക്കായി. സ്കൂൾ പഠനകാലത്തു തന്നെ എസ്പിസി, എൻഎസ്എസ് എന്നിവയിൽ സജീവമായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only