ജില്ലയിലെ ടൂറിസം വികസനത്തിന് വളരെ മികച്ച പരിഗണനയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകി വരുന്നത്. പ്രത്യേകിച്ച് ഫാം ടൂറിസം, വാട്ടർ ടൂറിസം തുടങ്ങിയ രംഗങ്ങളിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.
ഹൈഡ്രോ ടൂറിസം, ഫിഷ് ടൂറിസം എന്നിവയ്ക്കായുള്ള മാതൃകാപരമായ ഒരു പദ്ധതിയാണ് 'മത്സ്യസഞ്ചാരി'. ഹൈഡൽ ടൂറിസത്തിനായി ലഭ്യമായിട്ടുള്ള സാഹചര്യങ്ങളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് മലബാർ മേഖല പ്രയോജനപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ കുട്ടനാട്, ആലപ്പുഴ പ്രദേശങ്ങളാണ് ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ മുൻനിരയിൽ നിൽക്കുന്നത്. മലബാറിനും ഈ രംഗത്തെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. ഈ ഒരു ആശയത്തിൽ ഊന്നിയാണ് 'മത്സ്യ സഞ്ചാരി' എന്ന പദ്ധതി ജില്ല/ഗ്രാമ പഞ്ചായത്ത് സംയുക്ത പദ്ധതിയായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റിനെ ഇതിന്റെ നിർവ്വഹണച്ചുമതല ഏൽപ്പിച്ചിരിക്കുന്നു.
ഹൈഡൽ ടൂറിസത്തോടൊപ്പം, അതിന് ആവശ്യമായ പ്രകൃതിദത്ത സൗകര്യങ്ങളായ നദി/കായൽ തുടങ്ങിയവയുടെ സാമീപ്യം ലഭ്യമല്ലാത്ത സംരംഭകർക്ക് ഹൈഡൽ ടൂറിസത്തിന് പകരമായി അക്വാ ടൂറിസത്തിനു ഉള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നതാണ്. സഞ്ചാരികൾക്ക് ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും സ്വന്തമായി പാചകം ചെയ്യാനും ഉള്ള സൗകര്യങ്ങളും ബോട്ടിംഗിനുള്ള സൗകര്യങ്ങളും നമ്മുടെ കാർഷിക പാരമ്പര്യം മനസ്സിലാക്കാൻ കാർഷിക മ്യൂസിയവും വിവിധയിനം മത്സ്യങ്ങളെ പരിചയപ്പെടാൻ സാധിക്കുന്ന അക്വേറിയവും മത്സ്യ കൃഷി പഠനത്തിനുള്ള സൗകര്യവും ഒരു നിശ്ചിത ഏരിയയ്ക്കുള്ളിൽ സജ്ജീകരിച്ച് വിനോദസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുക എന്നതാണ് അക്വാ ടൂറിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിലെ വിശാലമായ കുളങ്ങളിൽ മത്സ്യ വളർത്തൽ നടത്തിവരുന്ന കർഷകർക്ക് ഒരു അധിക വരുമാനം ലഭ്യമാകുന്നതിന് ഉതകുന്ന വളരെ നല്ല ഒരു പദ്ധതിയാണിത്. ഈ ഒരു പദ്ധതിയിലൂടെ ഈ നാടിൻറെ ടൂറിസം സാധ്യതകളും അതോടൊപ്പം കർഷകരുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുവാൻ സാധിക്കുന്നതാണ്.
കോഴിക്കോട് ജില്ലാ പഞ്ചായത്തും തിരുവമ്പാടി ഗ്രാമപഞ്ചായത്തും ചേർന്ന് തിരുവമ്പാടിയിൽ നടപ്പാക്കിയിരിക്കുന്ന മത്സ്യ ടൂറിസം കേന്ദ്രം ആറാം തീയതി (6/6/'23) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്.
മത്സ്യങ്ങളെ കണ്ട് ആസ്വദിക്കുവാനും ഫിഷിംഗ് നടത്തുവാനും മത്സ്യ വിഭവങ്ങൾ ആസ്വദിക്കുവാനും തടാകക്കരയിലെ മുളങ്കൂട്ടങ്ങൾക്ക് ചാരെ ഇളംകാറ്റേറ്റ് വിശ്രമിക്കുവാനും ഏറെ അനുയോജ്യമായ ഒരിടമായി തിരുവമ്പാടിയിലെ 'ലേക് വ്യൂ ഫാം സ്റ്റേ'യെ മത്സ്യ സഞ്ചാരി പദ്ധതിയിലൂടെ തയ്യാറാക്കിയിരിക്കുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ഷീജ ശശി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദു റഹ്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.പി. ജമീല , ബോസ് ജേക്കബ്, പി. സുരേന്ദ്രൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി, കെ എം മുഹമ്മദലി, അപ്പു കോട്ടയിൽ, രാധാമണി ദാസൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ, ഉത്തരവാദിത്വ ടൂറിസം കോഓർഡിനേറ്റർ
ശ്രീകലാലക്ഷ്മി,
മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മത്സ്യ ഭവൻ ഓഫീസർ
മെർലിൻ അലക്സ്, ലെയ്ക് വ്യൂ ഫാം സ്റ്റേ ഉടമ ആന്റണി പ്ലാത്തോട്ടത്തിൽ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിന്റെ ആകർഷണീയത വർദ്ധിപ്പിക്കുവാൻ ഈ മത്സ്യ ടൂറിസം കേന്ദ്രം ഏറെ പ്രയോജനപ്രദമാകുന്നുണ്ട്. നയനമനോഹരമായ പരമ്പരാഗത കൃഷിയിടങ്ങൾക്കൊപ്പം ഏറെ ആകർഷകമായ പക്ഷി-മൃഗ-മത്സ്യ ഫാമുകളും ഉൾക്കൊള്ളുന്ന ക്ലസ്റ്റർ ടൂറിസ സർക്യൂട്ടാണ് തിരുവമ്പാടി പഞ്ചായത്തിൽ തയ്യാറാക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിൻറെ 3 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷവും അടക്കം ആകെ നാല് ലക്ഷം രൂപയാണ് ഗുണഭോക്താവായ തിരുവമ്പാടി പെരുമാലിപ്പടിയിലെ ലേക് വ്യൂ ഫാംസ്റ്റേക്ക് നൽകിയിരിക്കുന്നത്.
Post a Comment