തിരുവനന്തപുരം ∙ ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്തു പൊതു അവധി. നേരത്തേ നിശ്ചയിച്ചതനുസരിച്ച് ഇന്നത്തെ അവധി നിലനിർത്തി നാളെക്കൂടി അവധി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെയാണു ബലിപെരുന്നാൾ.
സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. നെഗോഷ്യബ്‌ൾ ഇൻസ്ട്രുമെന്റ് ആക്ടും ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടും അനുസരിച്ചാണ് 2 ദിവസവും അവധി എന്നതിനാൽ ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കെഎസ്ഇബി കാഷ് കൗണ്ടർ ഇന്നും നാളെയും പ്രവർത്തിക്കില്ല. ഓൺലൈൻ സേവനങ്ങളെ ബാധിക്കില്ല.
നാളത്തെ പരീക്ഷകൾ മാറ്റി
ഈദ് അവധിയുടെ പശ്ചാത്തലത്തിൽ നാളത്തെ പരീക്ഷകൾ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സർവകലാശാലകൾ അറിയിച്ചു. കേരളയുടെ പരീക്ഷകൾ ജൂലൈ 4,5 തീയതികളിലേക്കും കാലിക്കറ്റിന്റേത് ജൂലൈ 6, ഓഗസ്റ്റ് 7 തീയതികളിലേക്കും കാലടി, ആരോഗ്യ സർവകലാശാലകളുടേത് ജൂലൈ മൂന്നിലേക്കുമാണു മാറ്റിയത്. സാങ്കേതിക സർവകലാശാലയുടെ പരീക്ഷകൾ 30, ജൂലൈ 7,11 തീയതികളിലേക്കാണു മാറ്റിയത്. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തീയതി പിന്നീട് അറിയിക്കും.
റേഷൻ കട ഇന്ന് തുറക്കും; നാളെ അവധി
∙ റേഷൻ കടകൾക്ക് നാളെ അവധി അനുവദിച്ചും ഇന്ന് പ്രവൃത്തിദിനമാക്കിയും ഭക്ഷ്യപൊതുവിതരണ കമ്മിഷണർ ഉത്തരവിറക്കി. സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ഇന്നു തുറക്കും. നാളെ അവധിയായിരിക്കും. പെട്രോൾ ബങ്കുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപനശാലകൾക്കും നാളെ അവധിയായിരിക്കും. മാവേലി സ്റ്റോറുകൾക്ക് ഇന്നും നാളെയും അവധിയാണ്.
കേന്ദ്ര ഓഫിസുകൾക്ക് അവധി നാളെ
∙ സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി നാളെ ആണെന്ന് കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ഇന്നു നിയന്ത്രിത അവധി ആയിരിക്കും.
Post a Comment