കല്പറ്റ : മദിരാശിയിലേക്ക് സിനിമപഠിക്കാൻ പോവുമ്പോൾ കാതിലെ കടുക്കൻ വിറ്റ പണവുമായി തന്റെ അടുക്കലേക്കുവന്ന ബാലചന്ദ്രനെക്കുറിച്ച് 'കഥപറയുമ്പോൾ' എന്ന സിനിമയിൽ മേലുകാവ് സ്കൂളിന്റെ രജതജൂബിലി ആഘോഷച്ചടങ്ങിൽ മമ്മൂട്ടി വികാരാധീനനായി പറയുന്നുണ്ട്. ആ കഥയിലെ യഥാർഥ ബാലചന്ദ്രനായിരുന്നു അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് ടി. സുരേഷ്ചന്ദ്രൻ.
ബാർബറായ ബാലനെ ശ്രീനിവാസൻ സൃഷ്ടിച്ചതാണെങ്കിലും തന്റെ സിനിമയിലേക്കുള്ള
വരവിനുകാരണക്കാരനായ സുരേഷ് ചന്ദ്രനെയാണ് യഥാർഥത്തിൽ അവതരിപ്പിച്ചത്.
മദിരാശി ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോവുമ്പോൾ പണം തികയാതെ ബുദ്ധിമുട്ടിയ ശ്രീനിവാസന് പണം നൽകിയത് തന്റെ കോളേജിലെ സഹപാഠിയും ആത്മമിത്രവുമായ സുരേഷ് ചന്ദ്രനായിരുന്നു. എത്ര രൂപയാണ് നൽകിയതെന്ന് ശ്രീനിവാസനുമാത്രമേ അറിയു കയുള്ളൂവെങ്കിലും ആ പണമാണ് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്.
പിന്നീട് വലിയനടനായി വളർന്ന് സംവിധായകനും തിരക്കഥാകൃത്തുമായൊക്കെ പ്രതിഭ തെളിയിച്ച് ഉയരങ്ങളിലെത്തിയപ്പോഴും 'കഥപറയുമ്പോളി'ലെ അശോക് രാജിനെപ്പോലെ സുരേഷ് ചന്ദ്രനെയും ശ്രീനിവാസൻ മറന്നില്ല.
2009-ൽ കവി സച്ചിദാനന്ദന് പത്മപ്രഭാപുരസ്കാരം സമർപ്പിക്കുന്ന ചടങ്ങിൽ ശ്രീനിവാസൻ ഇക്കാര്യം അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: “വർഷങ്ങൾക്കുമുമ്പ് മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പഠിക്കാൻ പുറപ്പെട്ടപ്പോൾ കാശുകിട്ടിയില്ല. കൈയിലുണ്ടായിരുന്ന ചില്ലറ കാശുമായി കല്പറ്റയ്ക്ക് വണ്ടികയറി. കല്പറ്റയിലെ സുഹൃത്തുനൽകിയ പണമാണ് മലയാളസിനിമയിലേക്കുള്ള എന്റെ ചുവടുവെപ്പിന് വഴിയൊരുക്കിയത്. പണം തന്നത് ആരാണെന്ന് പറയുന്നില്ല. പറഞ്ഞാലത് 'കഥപറയുമ്പോൾ' എന്നസിനിമയിൽ മമ്മൂട്ടി പ്രസംഗിച്ചതുപോലെയാവും” -ശ്രീനിവാസൻ ഇതുപറയുമ്പോൾ ബാലചന്ദ്രനെപ്പോലെ സുരേഷ് ചന്ദ്രനും മനസ്സുനിറഞ്ഞ് കേട്ടുനിന്നിട്ടുണ്ടാവും.
മട്ടന്നൂർ എൻ.എസ്.എസ്. കോളേജിൽ സഹപാഠികളായിരുന്നു ഇരുവരും. അവിടെനിന്ന് തുടങ്ങിയ സൗഹൃദമാണ് അവസാനംവരെ തുടർന്നത്. കോളേജ് പൂട്ടുമ്പോൾ ഇവിടെവന്ന് താമസിക്കാറുണ്ടായിരുന്നുവെന്ന് സുരേഷ് ചന്ദ്രന്റെ സഹോദരൻ കുട്ടികൃഷ്ണൻ പറയുന്നു. 'വടക്കുനോക്കിയന്ത്രമെന്ന സിനിമയുടെ കഥാതന്തുവും സുരേഷ് ചന്ദ്രന്റെ കല്പറ്റയിലെ പ്രിന്റിങ് പ്രസായിരുന്നുവെന്ന് കുട്ടികൃഷ്ണൻ പറഞ്ഞു.
കടപ്പാട്.
റിപ്പോർട്ട്:മാതൃഭൂമി
Post a Comment