താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെ വനത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ എ ഗീത നിർദേശിച്ചു. താമരശ്ശേരി ചുരം സംരക്ഷണം, പരിപാലനം, ശുചിത്വം എന്നീ വിഷയങ്ങളെ മുൻനിർത്തി പുതുപ്പാടി പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടർ നിർദേശം നൽകിയത്.
ആർടിഒ, പൊലീസ്, ഹൈവേ പെട്രോളിങ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ ചുരം മേഖലയിൽ സംയുക്ത ഡ്രൈവ് നടത്തും. ഈ മേഖലയിൽ പാർക്കിംഗ് നിരോധിക്കാനും ലൈസൻസ് ഇല്ലാതെ കച്ചവടം ചെയ്യുന്നവർക്കും റോഡ് കയ്യേറുന്നവർക്കും നോട്ടീസ് നൽകാനും തീരുമാനിച്ചു.
ചുരത്തിൽ കോൺക്രീറ്റ് പാരപ്പറ്റ് പുനർനിർമ്മാണത്തിനും, പിഴത്തുക പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നതിനുമായി 1.20 കോടി രൂപയുടെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ദേശീയപാത എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി. ചുരത്തിൽ മൊബൈൽ സിസിടിവി, സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കും.റോഡിലും, പരിസര പ്രദേശത്തു മാലിന്യങ്ങൾ വലിച്ചെറിയുന്നതും,വാഹനം നിറുത്തി ഭക്ഷണം കാണിക്കുന്നത് കണ്ടെത്തിയാൽ പിഴയും പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കാൻ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.
യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷകുട്ടി സുൽത്താൻ, എം. കെ. ജാസിൽ, ആർ.ടി.ഒ പി.ആർ സുരേഷ്, എം.വി.ഐ അജിത് കുമാർ സി.കെ, തഹസിൽദാർ സുബൈർ സി, ഡിവൈഎസ്പി അബ്ദുൽ മുനീർ, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി പ്രസാദ്, എൻ.എച്ച് എഞ്ചിനിയർ ടി. പി പ്രശാന്ത്, ഫോറസ്റ്റ് റേഞ്ചർ എം.കെ രാജീവ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്. ഇ,ചുരം സംരക്ഷണ സമിതി പ്രസിഡന്റ് വി. കെ മൊയ്തു മുട്ടായി മാലിന്യ മുക്തം നവകേരളം കോർഡിനേറ്റർ മണലിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment