കൊടിയത്തൂർ: പഞ്ചായത്തിൽ രണ്ടര വർഷക്കാലം കൊണ്ട് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയ ചാരിതാർഥ്യത്തോടെ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ഇന്നു പടിയിറങ്ങുന്നു.
യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനു ലഭിച്ച ആദ്യരണ്ടര വർഷമായിരുന്നു വി.ഷംലൂലത്തിന്റെ ഊഴം. അടുത്ത രണ്ടരവർഷം ഇനി കോൺഗ്രസിന്റെ പ്രസിഡന്റ് പഞ്ചായത്തിനെ നയിക്കും. നിലവിലെ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷിബുവായിരിക്കും പ്രസിഡന്റ് സ്ഥാനാർഥി.
പടിയിറങ്ങിയ പ്രസിഡന്റിന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
വി ഷംലൂലത്ത് പടിയിറങ്ങുന്നു; ഗ്രാമ പഞ്ചായത്തിനെ നേട്ടങ്ങളുടെ ഉന്നതങ്ങളിലെത്തിച്ച്.
തീർത്തും അവിചാരിതമായി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കും അപ്രതീക്ഷിതമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലേക്കുമെത്തിയ വി. ഷംലൂലത്ത് രണ്ടര വർഷം മുൻപ് പ്രസിഡൻ്റ് പദവിയിലെത്തുമ്പോൾ സാധാരണ പോലെ തന്നെ ഒരു അധ്യക്ഷ എന്ന നിലക്കപ്പുറത്തേക്ക് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിനെ നേട്ടങ്ങളുടെ ഉന്നതിയിലെത്തിച്ചാണ് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വത്തിൽ നിന്നുള്ള പടിയിറക്കം.
അധികാരമേറ്റെടുത്ത ആദ്യ ഘട്ടത്തിൽ തന്നെ ഏവരേയും ഞെട്ടിക്കുന്ന തീരുമാനമെടുക്കാൻ ഷംലൂലത്തിനായി. പഞ്ചായത്തിലെ ലക്ഷം വീട് കോളനികൾ ആധുനിക രീതിയിൽ നവീകരിക്കുക എന്ന തീരുമാനമായിരുന്നു അത്. ഇതിനായി രണ്ടാം വാർഡിലെ കാരക്കുറ്റി കോളനിയേയും പതിനാലാം വാർഡിലെ ആലുങ്ങൽ കോളനിയേയുമാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്.
ഇതിൽ കാരക്കുറ്റി കോളനി എല്ലാ പ്രവൃത്തിയും
പൂർത്തിയാക്കി ഗ്രീനറിവില്ല എന്ന് പേരും മാറ്റി തല ഉയർത്തി നിൽക്കുന്നു. തൻ്റെ കാലയളവിൽ
രണ്ട് വർഷവും പദ്ധതി വിഹിതം നൂറ് ശതമാനം ചിലവഴിക്കാനായതും പട്ടികജാതി ഫണ്ട് നൂറ് ശതമാനം ചിലവഴിക്കാനായതും വലിയ നേട്ടമായി.
ജില്ലയിൽ തന്നെ അപൂർവം പഞ്ചായത്തുകൾക്കേ ഈ നേട്ടം കരസ്ഥമാക്കാനായുള്ളൂ.
ആരോഗ്യമേഖലയിലും സാന്ത്വന ചികിത്സ രംഗത്തും വയോജന - ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങളിലും കാര്യമായ ഇടപെടൽ നടത്താനും ഷംലുലത്തിന് സാധിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തിലെ പെയിൻ & പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും സൗജന്യമായി മരുന്ന് നൽകുന്ന പദ്ധതി പ്രശംസിക്കപ്പെട്ട ഒന്നാനാണ്.
ജീവതാളം പദ്ധതിക്കും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിക്കാനായി. കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി ഓപ്പൺ ജിം ഒരുക്കിയതും നിരവധി പേർക്ക് ഉപകാരപ്രദമായി.
കോവിഡ് കാലത്തെ ഗ്രാമ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. പന്നിക്കോട് എയുപി സ്കൂളിലാരംഭിച്ച ഹൈടെക് വാക്സിനേഷൻ കേന്ദ്ര
ത്തിൽ നിന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളിൽ നിന്നും നിരവധി പേരാണ് എത്തിയിരുന്നത്.
വാക്സിൻ സ്വീകരിക്കാനായി എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന സമയത്താണ് യാതൊരു പരാതിക്കും ഇട നൽകാതെ
വാക്സിനേഷനായി എത്തുന്നവർക്ക് ഹൈടെക് സൗകര്യം ഒരുക്കിയത്.
കേന്ദ്രത്തിൽ എത്തുന്നവർക്കായി സൗജന്യ വൈഫൈ കണക്ഷൻ, ടെലിവിഷൻ, ഫാൻ എന്നിവക്ക് പുറമെ വിശ്രമകേന്ദ്രം, ശൗചാലയം, എമർജൻസി വാഹനം, കോഫി സ്പോട്ട്, വിശാലമായപാർക്കിംഗ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിരുന്നു. വിവിധ കേന്ദ്രങ്ങളാരംഭിച്ച് വാക്സിനേഷൻ നൂറ് ശതമാനം പൂർത്തിയാക്കാനും ഗ്രാമ പഞ്ചായത്തിന് സാധിച്ചിരുന്നു.
പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൻ്റെ പ്രവർത്തനവും നാടിനാകെ മാതൃകയായിരുന്നു.സർക്കാർ പ്രഖ്യാപനം വന്ന ഉടൻ തന്നെ ജില്ലയിലാദ്യമായി കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലായിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണമാണ് ഓരോ ദിവസവും ഇവിടെ നിന്ന് നൽകിയിരുന്നത്.
പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കായി.
വിദ്യാഭ്യാസ മേഖലയിൽ നൂതനവും മാതൃകാപരവുമായ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത മത്സര പരീക്ഷകളിൽ ഉയർന്ന നിലവാരം പുലർത്താൻ സഹായിക്കുക എന്ന ലഷ്യത്തോടെ ഉന്നതി എന്ന പേരിൽ നടപ്പാക്കിയ പദ്ധതി വഴി എസ് എസ് എൽ സി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സഹായി കൈമാറി.
മറ്റ് നിരവധി പ്രവർത്തനങ്ങളും ഉന്നതിയുടെ ഭാഗമായി നടന്നു.
സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ വാതിൽപ്പടി സേവനം നടപ്പാക്കിയ ഗ്രാമ പഞ്ചായത്തുകളിലൊന്നായ കൊടിയത്തൂരിൽ ഇതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് തന്നെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രയാധിക്യം, ഗുരുതര രോഗം, ശാരീരിക മാനസിക വെല്ലുവിളി , അതി ദാരിദ്ര്യം തുടങ്ങി വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മ കൊണ്ടും മറ്റു പ്രശ്നങ്ങൾ കൊണ്ടും അടിസ്ഥാന സർക്കാർ സേവനങ്ങൾ യഥാ സമയം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ജന വിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങളു മറ്റും വീടുകളിലെത്തിച്ചു നൽകുന്ന വാതിൽപ്പടി സേവനത്തിൽ വേറിട്ട മാതൃക തന്നെ തീർക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
സ്ത്രീകൾ കുട്ടികൾ പട്ടികവിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതിയായ ലീഗൽ എയ്ഡ്
ക്ലിനിക്കും നിരവധി പേർക്ക് ഉപകാരപ്രദമായി.
ജാഗ്രത സമിതി ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിനും ഭരണ സമിതിക്ക് കഴിഞ്ഞ രണ്ടര വർഷവും സാധിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും നിരവധി പരാതികൾ പരിഹരിക്കാനായി.
മുഴുവൻ കോളനിവാസികൾക്കും പട്ടയം ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കും ഗ്രാമ പഞ്ചായത്ത് തുടക്കം കുറിച്ചതോടെ
ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നടത്തിയ സർവേയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ 110 പേർക്ക് പട്ടയം ലഭ്യമാക്കാനായി.
കോഴിക്കോട് താലൂക്കിൽ ആദ്യഘട്ടത്തിൽ 88 പേര്‍ക്ക് പട്ടയം അനുവദിച്ചിട്ടുള്ളതില്‍ 76- ഉം ലഭിച്ചത് കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസകള്‍ക്കാണ്. രണ്ടാം ഘട്ടത്തിൽ തിരുവമ്പാടി മണ്ഡലത്തിലനുവദിച്ച 55 ൽ 34ഉം നമ്മുടെ പഞ്ചായത്തിലാണ് ലഭിച്ചത്.
പഞ്ചായത്തിലെ മൂന്നാം വാർഡായ മാട്ടു മുറിയിൽ
ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച സ്നേഹവീടുകളും ഭരണസമിതിയുടെ ഇടപെടലിൻ്റെ ഭാഗമാണ്.
ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ ആദ്യമായി തുടക്കമിട്ടതും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലാണ്. പന്നിക്കോട് ശ്രീകൃഷ്ണപുരം ക്ഷേത്ര ഭൂമിയിലാണ് പദ്ധതിയാരംഭിച്ചത്.
4 ദിനരാത്രങ്ങൾ കൊടിയത്തൂർ ഗ്രാമവാസികൾക്ക് ഉത്സവ പ്രതീതി സമ്മാനിച്ച കൊടിയത്തൂരിൻ്റെ സൗഹൃദ ഓണാഘോഷ പരിപാടികളും ഏറെ വ്യത്യസ്തമായി.
രണ്ടര വർഷത്തിനിടെ 140 ഓളം റോഡുകൾ യാഥാർത്ഥ്യമാക്കാനായതും ഷംലൂലത്തിൻ്റെ ഭരണകാലയളവിൽ
നടന്ന പ്രധാന പദ്ധതിയാണ്.
പറയത്തക്ക രാഷ്ട്രീയ പാരമ്പര്യം എടുത്തു പറയാനില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന തനിക്ക് ഒരു തുടക്കക്കാരി എന്ന നിലയിൽ വലിയ വെല്ലുവിളി തന്നെയായിരുന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനമെന്നും
എന്നാൽ പഞ്ചായത്തിലെ ജനങ്ങളും പാർട്ടിയും മുന്നണിയും കൂടെയുള്ള മെമ്പർമാരും ഒപ്പം പഞ്ചായത്തിലെ ഉദ്യോഗസ്ഥരും തന്ന ആത്മവിശ്വാസവും പിന്തുണയും തനിക്ക് വലിയ പ്രചോദനവും ധൈര്യവുമാണ് തന്നതെന്നും ഷംലൂലത്ത് പറയുന്നു
✒️സി. ഫസൽ ബാബു
Post a Comment