ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നിനീങ്ങി.
കൊച്ചി-ധുനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പിൻചക്രങ്ങൾ കൊക്കയിലേക്ക് തെന്നിമാറുകയായിരുന്നു.
ബാക്കിഭാഗം റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് സംഭവം.
വിദ്യാർത്ഥികളെ കൂടാതെ അധ്യാപകരും ഡ്രൈവറും ക്ലീനറും അടക്കും 50 പേർ ബസിൽ ഉണ്ടായിരുന്നു.
200 അടിയോളം താഴെയുള്ള കൊക്കയ്ക്കരികിൽ തങ്ങി നിന്ന ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനം വീണ്ടും താഴേക്ക് ചരിഞ്ഞത് പരിഭ്രാന്തി പരത്തി.
തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ബസിനു സമീപം മരത്തിൽ വടം കെട്ടിയാണ് യാത്രക്കാരെ പുറത്തിറക്കിയത്.
ബെംഗളൂരുവിൽ നിന്ന് 45 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും അടക്കമുള്ള വിനോദ യാത്രാസംഘമാണ് മൂന്നാറിൽ എത്തിയത്.
മൂന്നാർ കണ്ട് തിരിച്ചു പോകും വഴിയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി.
ഈ സമയം കുട്ടികൾ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ബസ് വീണ്ടും കൊക്കയിലേക്ക് ചരിഞ്ഞു.
ഇതോടെ കൊക്കയിലേക്ക് തൂങ്ങിക്കിടന്ന വാഹനത്തിന്റെ പുറകുവശത്ത് ഇരുന്ന കുട്ടികളോട് ബസിന്റെ മുൻവശത്തേക്ക് വരുവാൻ നാട്ടുകാർ ആവശ്യപ്പെട്ടു.
ആരും പുറത്തിറങ്ങരുതെന്നും ആ വാഹനത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കി
ഇതിനിെട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും എത്തി. അവരും നാട്ടുകാരും ചേർന്ന് വടം ഉപയോഗിച്ച് മരത്തിലേക്ക് ബസ് വലിച്ചുകെട്ടി.
തുടർന്ന് വാഹനത്തിലേക്ക് റാമ്പ് ഘടിപ്പിച്ചു. അതിലൂടെ യാത്രക്കാർ പുറത്തിറങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തനം അരമണിക്കൂറോളം നീണ്ടു.
ബസ് പിന്നീട് കൊക്കയിൽ നിന്ന് വലിച്ചുകയറ്റി. ബസിൻ കാര്യമായ കേടുപാടുകളൊന്നും ഉണ്ടായില്ല. അതിനാൽ ഈ ബസിൽത്തന്നെ ഇവർ ബെംഗളൂരുവിലേക്ക് തിരിച്ചെത്തി.
Post a Comment