Jun 19, 2023

കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജിക്ക് ഹൈക്കോടതിയിൽനിന്ന് ആശ്വാസവിധി. ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

നേരത്തെ എം.എൽ.എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരെ ഇ.ഡി കേസെടുത്തിരുന്നത്. തുടർന്ന് ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂർ മാലൂർകുന്നിലെ ഷാജിയുടെ വീടിനോടുചേർന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, ഈ കേസിലാണ് ഇപ്പോൾ ഷാജിക്ക് ആശ്വാസവിധി ലഭിച്ചിരിക്കുന്നത്.

നേരത്തെ, അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാദേശിക സി.പി.എം നേതാവിന്റെ പരാതിയിൽ വിജിലൻസ് കോടതി നിർദേശപ്രകാരമാണ് വിജിലൻസ് കേസെടുത്തിരുന്നത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only