മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളുടേയും സമഗ്ര അവലോകന യോഗം ചേർന്നു
സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 3 യോഗത്തിൽ എല്ലാ ജില്ലകളുടേയും സ്ഥിതിയും പ്രവർത്തനങ്ങളും പ്രത്യേകം ചർച്ച ചെയ്തു.
ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐഎംഎയുമായും ഐഎപിയുമായും ചർച്ച നടത്തും. ജില്ലാതല അവലോകനങ്ങൾ കൃത്യമായി നടത്തി നടപടി സ്വീകരിക്കണം. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമാക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വെക്ടർ കൺട്രോൾ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ആരോഗ്യ പ്രവർത്തകർ മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ആശുപത്രിയിൽ നിന്നും രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിൽ കൊതുകുവല ഉപയോഗിക്കണം. ഐസൊലേഷൻ വാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആശുപത്രികൾ കൂടുതൽ സജ്ജമാക്കണം. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിൻ ഗുളികകൾ വിതരണം ചെയ്യുന്നതിനുള്ള ഡോക്സി കോർണറുകൾ സ്ഥാപിക്കണം. ക്രിറ്റിക്കൽ കെയർ മാനേജ്മെന്റ് സൗകര്യങ്ങൾ ഉറപ്പാക്കണം. തദ്ദേശസ്ഥാപന പ്രതിനിധികളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഒഴിവുള്ള തസ്തികകളിൽ മുഴുവൻ നിയമനം നടത്തണം. വാർഡ്തല സാനിട്ടേഷൻ കമ്മിറ്റി ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
ഇൻഫ്ളുവൻസ പ്രതിരോധത്തിന് പ്രായമായവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ മാസ്‌ക് വയ്ക്കുന്നത് അഭികാമ്യം. പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. ആശുപത്രികൾക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സുരക്ഷാ സാമഗ്രികൾ ഉറപ്പ് വരുത്തണം.
ഡെങ്കിപ്പനി വ്യാപനം തടയാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടർന്ന് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കൽ ശുചിയാക്കുന്നത് വഴി കൊതുകിന്റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Post a Comment