കൽപറ്റ: വാഹനത്തിൽ തോട്ടി കൊണ്ടുപോയതിന് എം.വി.ഡി പിഴയിട്ടതിനു പിന്നാലെ 'തിരിച്ചടിച്ച്' കെ.എസ്.ഇ.ബി. കൽപറ്റയിലെ മോട്ടോർ വാഹന വകുപ്പിനു കീഴിലുളള എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
ബിൽ അടയ്ക്കാൻ വൈകിയെന്ന് കാണിച്ചാണ് നടപടി.
കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ചു കൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ ക്യാമറയുടെ നോട്ടിസ് ലഭിച്ചത് വാർത്തയായിരുന്നു. ചില്ല വെട്ടാൻ കൊണ്ടുപോയ വാഹനത്തിനായിരുന്നു പിഴയിട്ടത്. എ.ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കൺട്രോൾ ഓഫിസിലെ വൈദ്യുതിബന്ധമാണ് ഇപ്പോൾ കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. വൈദ്യുതിബിൽ അടയ്ക്കുന്നതിൽ എം.വി.ഡി കാലതാമസം വരുത്തിയെന്നാണ് കാരണമായി പറയുന്നത്. എന്നാൽ, ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫിസുകളുടെ വൈദ്യുതി വിച്ഛേദിക്കാറില്ലെന്ന് എം.വി.ഡി പറയുന്നു.
നടപടിക്കു പിന്നാലെ അടിയന്തര ഫണ്ടിൽനിന്ന് പണമെടുത്താണ് എം.വി.ഡി ബില്ലടച്ചത്. ഇതോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Post a Comment