കോടഞ്ചേരി: കാലവർഷത്തിൽ ചാലിപ്പുഴ നിറഞ്ഞതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ രണ്ടുപ്ലാന്റുകളിലും വൈദ്യുതിയുത്പാദനം പൂർണതോതിൽ തുടങ്ങി. പുഴയിൽ നീരൊഴുക്കില്ലാത്തതിനാൽ ഒരു മാസം വൈകിയാണ് ഇക്കുറി ഉത്‌പാദനം ആരംഭിക്കാനായത്. കഴിഞ്ഞവർഷം മേയ് അവസാനത്തോടെ ഉത്‌പാദനം തുടങ്ങിയിരുന്നു. കഴിഞ്ഞമാസം ആദ്യവാരംതന്നെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി തീർക്കുകയും ഫോർബെ ടാങ്കിലും കനാലിലും അടിഞ്ഞുകൂടിയ ചളി നീക്കുകയും ചെയ്തിരുന്നു. പുഴയിൽ നീരൊഴുക്കുകൂടിയ ചൊവ്വാഴ്ചതന്നെ ഉത്‌പാദനം തുടങ്ങാനായി.
ചെമ്പുകടവ് ഒന്നാംഘട്ടത്തിൽ മൂന്നുജനറേറ്ററുകളുടെ ആകെ സ്ഥാപിതശേഷി മണിക്കൂറിൽ 2700 യൂണിറ്റ് വൈദ്യുതിയാണ്. രണ്ടാംഘട്ടപദ്ധതിയിൽ മണിക്കൂറിൽ 3750 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാം. ഇവിടെനിന്നുള്ള വൈദ്യുതി തമ്പലമണ്ണ സബ്സ്റ്റേഷനിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലത്ത് രണ്ടുഘട്ടത്തിലും ഉത്‌പാദനം നടത്താം. 32 കോടി രൂപ ചെലവിൽ 2003ലാണ് ചെമ്പുകടവ് പദ്ധതികൾ പ്രവർത്തനസജ്ജമായത്. 2020ലാണ് ഏറ്റവും കൂടുതൽ വൈദ്യുതിയുത്‌പാദനം നടന്നത്. ഒന്നരക്കോടിയോളം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിച്ചു. സ്വകാര്യകമ്പനികളുടെ ഉടമസ്ഥതയിലുള്ള ഇരുവഞ്ഞിപ്പുഴയിലെ മറ്റു മൂന്ന് വൈദ്യുതി ഉത്‌പാദനകേന്ദ്രങ്ങളിലും ജൂൺ രണ്ടാംവാരം ഉത്‌പാദനം തുടങ്ങി. 3 കേന്ദ്രങ്ങളിലും കൂടി 20.5 മെഗാവാട്ടാണ് സ്ഥാപിതശേഷി.
Post a Comment