മുക്കം : വിധവയായ സ്ത്രീയുടെ പഴയ വീട് പൊളിച്ചു നീക്കി സഹായവുമായി മുക്കം അഗ്നി രക്ഷാ സേനയും സിവിൽ ഡിഫെൻസും. കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കാരാട്ട് കോളനിയിലെ ലീലക്കാണ് സിവിൽ ഡിഫൻസ് സേവനപ്രവൃത്തി ചെയ്തത്.
പൊളിഞ്ഞു വീഴാറായ പഴയ വീടിനു പകരമായി ലൈഫ് പദ്ധതിയിൽ പുതിയ വീടിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ താമസിക്കുന്ന പഴയ വീട് അടിയന്തിരമായി പോളിച്ചു നീക്കിയാൽ മാത്രമേ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീടിന്റെ പ്രവൃത്തി തുടങ്ങാനാവൂ എന്ന സാഹചര്യത്തിലാണ് ലീല മുക്കം അഗ്നിരക്ഷാ സിവിൽ ഡിഫെൻസിനെ ബന്ധപ്പെടുന്നത്.
ഞായറാഴ്ച രാവിലെ 7 മണിയോടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ഇരുപത്തഞ്ചോളം സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് പഴയ വീട് പൂർണമായും പോളിച്ചു നീക്കി. ഇതോടെ ലീലയുടെ വീട് നിർമാണം അടുത്ത ആഴ്ച്ചയോടെ ആരംഭിക്കാനാവും. വർഷങ്ങളായി പൊളിഞ്ഞു വീഴാറായ ഈ വീട്ടിൽ കഴിയുന്ന ലീലക്ക് ഒരു മകൾ മാത്രമാണുള്ളത്. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനാംഗംങ്ങളായ എം. സി. മനോജ്, കെ. ടി. ജയേഷ്, നജ്മുദ്ധീൻ ഇല്ലത്തൊടി, വി. എം. മിഥുൻ, ചാക്കോ ജോസഫ്, സിവിൽ ഡിഫെൻസ് പോസ്റ്റ് വാർഡൻ ജാബിർ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ആയിഷ മാവൂർ, ഷംസീർ മെട്രോ, റഹ്‌മത്തുന്നീസ, സിനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവൃത്തി നടത്തിയത്.
Post a Comment