കൂമ്പാറ: ഒരു പാലം അനാഥമായിട്ട് പത്തുവർഷം തികയുന്നു. മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വിളയാട് എന്ന സ്ഥലത്ത് 2014 ൽ നിർമ്മിച്ച വെന്റിലേറ്റർ കം ബ്രിഡ്ജ് ആണ് കാടുപിടിച്ച് അനാഥമായി കിടക്കുന്നത്. 2014 ൽ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ടി എം ജേക്കബിന്റെ ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ മുതൽമുടക്കി നിർമ്മിച്ച പാലമാണ് ഇപ്പോഴും അനാഥമായി കിടക്കുന്നത്. വേനൽക്കാലത്ത് വെള്ളം തടഞ്ഞുനിർത്തി കൃഷി ആവശ്യത്തിനായും അതുപോലെ യാത്ര സൗകര്യവും കൂടി കണക്കിലെടുത്താണ് നാലു മീറ്റർ വീതിയും 23 മീറ്റർ നീളവും ഉള്ള കൈവരിയോട് കൂടിയ ഈ പാലം നിർമ്മിച്ചിട്ടുള്ളത്. എന്നാൽ നിർമ്മിച്ച വർഷം മാത്രം വെള്ളം തടഞ്ഞു നിർത്തിയത് അല്ലാതെ ഇന്നേവരെ ഈ പാലം കൊണ്ട് നാട്ടുകാർക്ക് ഒരു ഉപകാരവും ലഭിച്ചിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. ചുണ്ടത്തുംപൊയിൽ നിന്ന് ടാർ ചെയ്ത പഞ്ചായത്ത് റോഡ് ഈ പാലത്തിൽ അവസാനിക്കും. പാലം കഴിഞ്ഞാൽ പിന്നെ 300 മീറ്റർ റോഡ് ഗതാഗതയോഗ്യമല്ലാതായി കിടക്കുന്നു ഇത് പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു റോഡും ആണ് റോഡ് നിർമ്മിച്ച് ഗതാഗതയോഗ്യമാക്കിയാൽ , തോട്ടുമുക്കം, പനമ്പലാവ്, പീടികപാറ, കക്കാടംപൊയിൽ റോഡിലേക്ക് ഈ പാലം വഴി എത്താം. എന്നാൽ നാളിതുവരെ ആയിട്ടും അതിനും ശാശ്വത പരിഹാരം ആയിട്ടില്ല. ആനയെ വാങ്ങി പക്ഷേ തോട്ടി വാങ്ങാൻ പണമില്ല എന്ന അവസ്ഥയിലാണ് ഈ 300 മീറ്റർ റോഡിന്റെ അവസ്ഥ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചെറുപുഴയ്ക്ക് കുറുകയാണ് നാലു മീറ്റർ വീതിയും 23 മീറ്റർ നീളവും ഉള്ള ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ചുണ്ടത്തുപൊയിൽ കരിമ്പ് ഭാഗങ്ങളിൽ നിന്നുള്ളവർ റേഷൻ കട, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്ക് പോകാൻ ഇപ്പോൾ രണ്ട് കിലോമീറ്റർ വളഞ്ഞുചുറ്റിയാണ് പനമ്പിലാവിൽ എത്തുന്നത്. ചുണ്ടത്തുംപൊയിൽ ഗവൺമെന്റ് സ്കൂളിലേക്കുള്ള കുട്ടികളും ഇങ്ങനെ തന്നെയാണ് യാത്ര ചെയ്യുന്നത്. മരം ചാട്ടി,കെ എം എ എസ്റ്റേറ്റ്, ചുണ്ടത്തും പൊയിൽ എന്നീ ഭാഗത്തുള്ളവർക്ക് ഈ പാലത്തിലൂടെയുള്ള റോഡ് തുറന്നാൽ പനമ്പിലാവ് വെറ്റിലപ്പാറ നിലമ്പൂർ ഭാഗങ്ങളിലേക്ക് ഒരു എളുപ്പ മാർഗം കൂടിയാകും.ഈ പാലം കഴിഞ്ഞുള്ള 300 മീറ്റർ റോഡ് ഗതാഗത യോഗ്യമാക്കിയാൽ ഈ പ്രശ്നത്തിനും ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാൻ കഴിയും. നിലവിൽ ഈ പാലത്തിന് ഇപ്പോൾ ബലക്കുറവോ മറ്റ് അപകടസാധ്യതകൾ ഒന്നുമില്ല. ഈ പാലം കഴിഞ്ഞുള്ള 300 മീറ്റർ റോഡ് തുറന്നാൽ ഏകദേശം 150 ഓളം വീട്ടുകാർക്ക് ഏറെ ഉപകാരപ്രദമാകും. കഴിഞ്ഞ പത്തുവർഷമായി അധികൃതരോട് പലതവണ ഈ കാര്യം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനങ്ങാപ്പാറ നയമാണ് ജനങ്ങൾക്ക് കിട്ടിയതെന്ന വ്യാപക പരാതി നാട്ടിൽ ഉയരുന്നുണ്ട്. അനാഥമായി കിടക്കുന്ന ഈ പാലത്തിന് ഒരു മോചനം കിട്ടുമെന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികൾ
Post a Comment