Aug 27, 2023

കോഴിക്കോട്ടുനിന്നുള്ള വിമാനം പുറപ്പെട്ടത് 6 മണിക്കൂർ വൈകി; ദുരിതമായി ദുബായ് യാത്ര.


കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ‌ആറു മണിക്കൂറോളം വൈകി. നേരിട്ടുള്ള സർവീസിനു പകരം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷമാണ് ഇനി ദുബായിലേക്കു പറക്കുക.


രാവിലെ 8.30നു പുറപ്പെടേണ്ട വിമാനം പരിശോധനകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 2.45നാണു പുറപ്പെട്ടത്. രാവിലെ പുറപ്പെടുന്നതിനായി ഒരുങ്ങിയ വിമാനത്തിൽ യാത്രക്കാർ കയറിയ ശേഷമാണു സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു യാത്രക്കാരെ ഇറക്കി പരിശോധിക്കുകയായിരുന്നു. തകരാർ പരിഹരിച്ച ശേഷമാണു യാത്ര ആരംഭിച്ചത്. തിരുവനന്തപുരം വഴിയാണു വിമാനം ദുബായിലേക്ക് പോവുക.


തിരുവനന്തപുരത്താണ് എയർ ഇന്ത്യ എക്സ്പ്രസ് മെയിന്റനൻസ് സെന്റർ ഹബ്. അവിടെ ഇറങ്ങി കൂടുതൽ പരിശോധന നടത്തും. ആവശ്യമാണെങ്കിൽ യാത്രക്കാരെ അവിടെനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോകും. കരിപ്പൂരിൽ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ നവീകരണ ജോലിയുടെ ഭാഗമായി റൺവേ അടച്ചിടുന്നുണ്ട്. അതിനാൽ പ്രത്യേക അനുമതി വാങ്ങിയാണു വിമാനം ഉച്ചയ്ക്കു ശേഷം സർവീസ് നടത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only