കരുവാരക്കുണ്ട് (മലപ്പുറം): തുവ്വൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പകൽവീടിനു തൊട്ടുള്ള വീട്ടുവളപ്പിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാത്ത നിലയിലാണ്.
തുവ്വൂരിൽനിന്ന് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കാണാതായതായി നേരത്തേ പരാതിയുണ്ടായിരുന്നു. സുജിത കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താത്കാലിക ജീവനക്കാരിയുമാണ്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടുവളപ്പിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയിൽപ്പെടില്ല.
സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏതാനുംദിവസമായി വിഷ്ണു പോലീസിന്റെ കസ്റ്റഡിയിലാണ്. യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.
വിഷ്ണു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെടുത്തത്. വിഷ്ണു നൽകിയ മൊഴിപ്രകാരം മൃതദേഹം സുജിതയുടേത് തന്നെയാകുമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പുറത്തെടുത്തിട്ടില്ല. ചൊവ്വാഴ്ച ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുക്കും.
ഗ്രാമപ്പഞ്ചായത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്ളാദപ്രകടനം നടക്കുമ്പോൾ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനിൽനിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്നു പറഞ്ഞിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ് ജനങ്ങൾ വലിയ തോതിൽ തടിച്ചു കൂടി. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
Post a Comment