Sep 8, 2023

40,000 അടി ഉയരത്തിൽ 40 മണിക്കൂർ വരെ പറക്കും, കിലോമീറ്ററുകളോളം ദൂരത്തിൽ വിവരങ്ങൾ ഒപ്പിയെടുക്കും; ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരാൻ MQ-9B ഡ്രോണുകൾ


ന്യൂഡൽഹി: യുഎസിൽ നിന്ന് ഹൈടെക് ഡ്രോണുകൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രം. പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുത്തൻ നീക്കം. MQ-9B ഡ്രോണുകൾ വാങ്ങുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. 31 MQ-9B റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റങ്ങൾക്കായാണ് ഇന്ത്യ ആവശ്യപ്പെട്ടത്.


ജനറൽ അറ്റോമിക്‌സ് നിർമ്മിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകൾക്ക് മൂന്ന് ബില്യൺ ഡോളർ വിലവരും. ഇന്ത്യൻ നാവികസേനയായിരിക്കും ഈ ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുക. സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി 2020 നവംബർ മുതൽ രണ്ട് നിരായുധ MQ-9B ഡ്രോണുകൾ വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉപയോഗിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ ആദ്യ യുഎസ് സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും പുറപ്പെടുവിച്ച പ്രസ്താവനയിൽ നിർദ്ദിഷ്ട കരാർ പരാമർശിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന നേരിടുന്ന സാങ്കേതിക വിടവുകൾ നികത്താനും സാങ്കേതിക കൈമാറ്റം വർദ്ധിപ്പിക്കാനും ഡ്രോണുകൾ സഹായിക്കും. തദ്ദേശീയമായി ഇത്തരം ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലും മുതൽക്കൂട്ടാകും MQ-9B.

നിരീക്ഷണത്തിനും ആക്രമണത്തിനും വിശ്വസ്തനാണ് ഈ ഡ്രോൺ. മെക്‌സിക്കൻ അതിർത്തി മുതൽ പാക്-അഫ്ഗാൻ അതിർത്തി വരെ അമേരിക്ക ഈ ഡ്രോൺ ഉപയോഗിച്ചുവരുന്നു. ഡ്രോണിലെ ക്യാമറയ്‌ക്ക് 3.2 കിലോമീറ്റർ ദൂരെയുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പോലും ഒപ്പിയെടുക്കാനാകും. 40,000 അടി ഉയരത്തിൽ 30 മുതൽ 40 മണിക്കൂർ വരെ തുടർച്ചയായി പറക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only