Sep 27, 2023

നാളെ നബിദിനം കാരുണ്യത്തിന്റെ പ്രവാചകർ


 നാളെ റബീഉൽ അവ്വൽ 12. അന്ത്യപ്രവാചകർ   മുഹമ്മദ് നബി [സ്വ ) തങ്ങളുടെ 1498- ] o ജന്മദിനം. ലോക മുസ്ലിംകൾ ഈ സുദിനം കൊണ്ടാടുകയാണ്. മാസം ഒന്നു മുതൽ തന്നെ പ്രവാചക ശ്രേഷ്ഠരുടെ അപദാനങ്ങൾ വാഴ്ത്തിയും തിരു സന്ദേശം പ്രചരിപ്പിച്ചും ആഘോഷം ആരംഭിച്ചിട്ടുണ്ട്


 നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൗതിക ജീവിതത്തോട് വിടചൊല്ലിയ ഒരാൾ എന്തുകൊണ്ട് കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ ഓർക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്യുന്നുവെന്നത് കാര്യബോധമുള്ളവരെ ഇരുത്തി ചിന്തിക്കാൻ പോരുന്നതാണ്. മുഹമ്മദ് നബി [സ്വ] തങ്ങളുടെ അനുപമ വ്യക്തിത്വവും അവിടുന്ന് പ്രബോധനം ചെയ്ത സന്ദേശങ്ങളുടെ സർവ്വകാല പ്രസക്തിയും ഒന്നുമാത്രം എന്ന അനിഷേധ്യ യാഥാർത്ഥ്യത്തിലേക്കാണ് ആ ചിന്ത കൊണ്ടെത്തിക്കുക

 അല്ലാഹു പ്രവാചകരെ ലോകത്തിന് സമർപ്പിക്കുന്നതിങ്ങനെ സർവ്വ ലോകർക്കും അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല തന്നെ [ അൽ അമ്പിയാഅ് -108]
 ലോകം എന്നു പറഞ്ഞാൽ സൃഷ്ടാവ് ഒഴികെയുള്ളത് മുഴുവനുമാണ് എന്ന് മഹാന്മാരായ ഖുർആൻ വ്യാഖ്യാതാക്കൾരേഖപ്പെടുത്തുന്നു. ഇപ്പറഞ്ഞവയിൽ നിന്നും  നമുക്ക് മനസ്സിലാക്കാം പ്രവാചക പുംഗവരുടെ കാരുണ്യത്തിന്റെ ആഴമെത്രത്തോളമെന്ന്.   
 പ്രവാചകർ ആഗോള ജനതക്ക് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ തീർച്ചയായും ഞാൻ പാരിതോഷികമായി നൽകപ്പെട്ട അനുഗ്രഹമത്രേ [ഇമാം ബൈഹഖി].
 ക്രൂരതയുടെ കരാളഹസ്തങ്ങളിൽ നിന്നും കാരുണ്യത്തിന്റെ മരുപ്പച്ചയിലേക്ക് പ്രപഞ്ചത്തെ ആനയിച്ച അന്ത്യപ്രവാചകർ അമൂല്യമായ കാരുണ്യത്തിന്റെ സമ്മാനമെത്ര
 സ്വാർത്ഥത വാഴുന്ന, വിവേചനംനിറഞ്ഞ, പീഡനവും അക്രമവും അനീതിയും കൊടികുത്തി വാഴുന്ന മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്ന  ജീവനെത്തന്നെ ഭീഷണിപ്പെടുത്തി പരിസ്ഥിതി മലിനീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ക്രൂരതയിൽ പിടയുന്ന സമകാലിക ലോകത്തിന് മുമ്പിൽ പ്രപഞ്ചത്തിന്റെ കാരുണ്യമായി അനുഗ്രഹമായി വന്ന പ്രവാചക സ്മരണകളുടെ ഉജ്ജലക്കിരണങ്ങൾ സമാധാനത്തിന്റെ മന്ദമാരുതൻ വീശുകയാണ്.
 ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ   കാണിക്കും. അല്ലാഹു കനിവുള്ളവൻ ആകുന്നു. എല്ലാ കാര്യത്തിലും കനിവിനെ അവൻ ഇഷ്ടപ്പെടുന്നു. ഇതായിരുന്നു പ്രവാചക സന്ദേശം.
 മനുഷ്യരും മൃഗങ്ങളും സസ്യലതാതികളുമൊക്കെയടങ്ങുന്ന മഹാപ്രപഞ്ചത്തെ പ്രവാചകർ കാരുണ്യത്തിന്റെ മടിത്തട്ടിലേക്ക് വാരിപ്പുണർന്നു. പ്രപഞ്ചം ആ കാരുണ്യ സ്പർശത്തിൽ കുളിരണഞ്ഞു.
 അറേബ്യൻ മണൽക്കാട്ടിൽ പിറന്ന ഒരനാഥ ബാലൻ ഉലകം ജയിച്ചടക്കിയതിന്റെ രഹസ്യമന്വേഷിക്കുമ്പോഴാണ് കാരുണ്യത്തിന്റെ മാസ്മരികത ജ്വലിച്ചു കാണുന്നത്.

   താങ്കൾ കഠിനഹൃദയനായ പരുഷ പ്രകൃതനായിരുന്നെങ്കിൽ അവർ[ജനങ്ങൾ ] താങ്കളിൽ നിന്നും ഒഴിഞ്ഞുപോയേനേ [ആലു ഇംറാൻ-159] എന്ന വിശുദ്ധ ഖുർആന്റെ ബോധനം സ്മരണീയമത്രെ

പ്രവാചകരുടെ അറ്റമില്ലാത്ത കാരുണ്യമത്രെ പ്രബോധനത്തെ ഉജ്ജ്വലമായ വിജയത്തിലേക്കാനയിച്ചത്.
 എന്റെ നാഥാ! സർവ്വചരാചരങ്ങളുടെയും നാഥാ | മാനവരെല്ലാം സഹോദരങ്ങളാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രവാചകരുടെ പ്രാർത്ഥനയിലെ ഈ വചനം ആ പുണ്യാത്മാവിന്റെ    ആഗ്രഹത്തെ ഉയർത്തിക്കാട്ടുകയാണ്. എല്ലാവരും രക്ഷപ്പെട്ടെങ്കിൽ എന്നായിരുന്നു ആ വിശാല  മനസ്സിന്റെ എന്നത്തെയും ആഗ്രഹം.
 കാരുണ്യത്തിന്റെ തനിരൂപം ആയിരുന്നു അവിടുന്ന്.
 കാരുണ്യത്തിന്റെ മകുടോദാഹരണങ്ങൾ ഒട്ടനവധി ആ പരിശുദ്ധ ജീവിതത്തിൽ നമുക്ക് കാണാൻ കഴിയും. അവയിൽ ചിലത് നമുക്കിങ്ങനെ വായിക്കാം.

അനാചാരങ്ങൾക്കെതിരെ,അക്രമങ്ങൾക്കെതിരെ, അനീതിക്കെതിരെ പ്രവാചകർ പ്രബോധനം ചെയ്തപ്പോൾ ത്വാഇഫ് നിവാസികൾ ആ തൃപ്പാദത്തിൽ കല്ലെറിഞ്ഞ് രക്തമൊഴുക്കി.അന്നേരം പർവതങ്ങളുടെ മലക്ക് വന്ന് ശത്രുക്കളെ ശിക്ഷിക്കാൻ അനുവാദം ചോദിച്ചു. അവിടുന്ന് വിസമ്മതിച്ചുകൊണ്ട് പറഞ്ഞു - അല്ലാഹു അവരുടെ മുതുകുകളിൽനിന്നും അവനെ മാത്രം ആരാധിക്കുകയും അവനോട് ഒന്നിനെയും പങ്കുകാരനാക്കാതിരിക്കുകയും ചെയ്യുന്നവരെ പുറപ്പെടീക്കുമെന്നാഗ്രഹിക്കുകയാണ് ഞാൻ. പ്രതികരിക്കാൻ കഴിവുണ്ടായിട്ടും അതിന്ന് മുതിരാതെ വിട്ടുവീഴ്ച ചെയ്തു   കാരുണ്യ പൂർവ്വം  അവരോട് പെരുമാറി .
 ശത്രുപക്ഷത്തെ കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നതിനെതിരെ പ്രവാചകർ  മുന്നറിയിപ്പു നൽകി. ആധുനിക പട്ടാളം നിഷ്കളങ്കതയുടെ മൂർത്തി ഭാവങ്ങളായ എത്രയെത്ര പിഞ്ചോമനകളെയാണ് യാതൊരു ദയവുമില്ലാതെ നിഷ്ക്കരണം വെടിവെച്ചു വീഴ്ത്തുന്നത്.
 ഒരു യുദ്ധത്തിൽ കുറെ അ - മുസ്ലിം കുട്ടികൾ കൊല്ലപ്പെട്ടത് അറിഞ്ഞപ്പോൾ നബി [സ്വ]ത ങ്ങൾ വളരെയധികം വ്യസനിച്ചു. സ്വഹാബികൾ പറഞ്ഞു ആ യുദ്ധത്തിൽ കൊല്ലപ്പെട്ടത് അ - മുസ്ലീങ്ങളാണ്. നബി തങ്ങൾ ഇങ്ങനെ പ്രതിവചിച്ചു. ഏതു കുട്ടിയും ജനിക്കുന്നത് നിഷ്കളങ്കരായിട്ടാണ്. അവരെ യഹൂദിയും ക്രിസ്ത്യാനിയും ആക്കുന്നത് അവരുടെ മാതാപിതാക്കളാണ്.  ചെറിയവരോട് കരുണ കാണിക്കാത്തവർ നമ്മിൽ പെട്ടവനല്ലെന്ന് അവിടുന്ന് ലോകത്തെ പഠിപ്പിച്ചു. .
 ശത്രുവിനെ അംഗഛേദം വരുത്തി വികൃതമാക്കുന്നതിനേയും ആദരണീയമായ മനുഷ്യമുഖത്ത് മുറിവേൽപ്പിക്കുന്നതിനേയും വിലക്കിക്കൊണ്ട് പ്രവാചകർ ഭടന്മാർക്ക്  കർശനമായ  നിർദ്ദേശം നൽകി. ഈ നിർദ്ദേശത്തിൽ അടങ്ങിയ കാരുണ്യത്തിന് വേണ്ടിയാണ് ആധുനിക മനുഷ്യൻ ഇന്ന് കേഴുന്നത്.
 ഒരു ജൂതന്റെ ശവമഞ്ചം വരുന്നത് കണ്ടപ്പോൾ പ്രവാചകർ എഴുന്നേറ്റു നിന്നു. കൂട്ടുകാരിൽ ഒരാൾ ചോദിച്ചു അത് ഒരു ജൂതന്റെ ശവമല്ലേ ?പ്രവാചകർ പറഞ്ഞു അതൊരു മനുഷ്യന്റെയാണല്ലോ " ഈ മാനവികതയ്ക്കാണ് ലോകംഇന്ന്ദാഹിക്കുന്നത്

 ഏവർക്കും ഹൃദ്യമായ
 നബിദിനാശംസകൾ.
                  ഉസ്മാൻ അസ്‌ലമി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only