Sep 4, 2023

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് വടക്ക് പടിഞ്ഞാറ് ബം​ഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു.


കൊച്ചി: സംസ്ഥാനത്ത് സെപ്റ്റംബർ ഏഴ് വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മണിയാർ ബാരേജിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. കക്കാട്ടാറിലേക്കാണ് ജലം ഒഴുക്കിവിടുന്നത്. ജലം ഒഴുക്കിവിടുന്നതിനാൽ കക്കാട്ടാർ കരകവിഞ്ഞിട്ടുണ്ട്. അതേസമയം മൂഴിയാർ ഡാമിന്റെ ഷട്ടർ നാൽപ്പത് സെന്റീമീറ്ററിൽ നിന്നും പത്ത് സെന്റീമീറ്ററിലേക്ക് താഴ്ത്തി.


വൈകീട്ട് അഞ്ചരയോടെയാണ് മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്ററിലേക്ക് എത്തിയിരുന്നു. ജലനിരപ്പ് 192.63 മീറ്ററിലേക്ക് എത്തിയതോടെയാണ് ഒരു ഷട്ടര്‍ തുറന്നത്. കക്കാട്ടാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശക്തമായ മഴയില്‍ പത്തനംതിട്ട ഗുരുനാഥന്‍ മണ്ണ് സീതക്കുഴിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്.

മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്ക് പടിഞ്ഞാറ് ബം​ഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ മഴ ശക്തമായേക്കും. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എ‌റണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള‌ളതിനാലും മഴയും കണക്കിലെടുത്ത് നാളെ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

സെപ്റ്റംബർ അഞ്ചിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only