കോഴിക്കോട്: വിദ്യാർഥികളെ ചതിയിൽ വീഴ്ത്തി അവരുടെ അക്കൗണ്ടുകളിലൂടെ കോടികൾ മറിക്കുന്ന വൻ റാക്കറ്റ് സജീവം. ആകർഷകമായ കമീഷൻ വാഗ്ദാനംചെയ്ത് വിദ്യാർഥികളെ വലയിൽ വീഴ്ത്തിയശേഷം ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും അനധികൃത പണം ഇവരുടെ അക്കൗണ്ടിലൂടെ മറിക്കുകയുമാണ് ഇവരുടെ രീതി.എളേറ്റിൽ വട്ടോളിയിൽ ചില യുവാക്കളെ തേടി കഴിഞ്ഞ ദിവസം രാജസ്ഥാൻ പൊലീസ് എത്തിയപ്പോഴാണ് വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കുന്ദമംഗലത്തെയും മറ്റുചില സ്ഥലങ്ങളിലെയും ബ്രാഞ്ചുകളിലാണ് ഇവർ അക്കൗണ്ട് തുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങൾക്കകം വിവിധ ഘട്ടങ്ങളിലായി ചിലരുടെ അക്കൗണ്ടുകളിൽനിന്ന് 84 ലക്ഷവും മറ്റു ചില അക്കൗണ്ടുകളിലൂടെ 50 ലക്ഷത്തിനു മുകളിലുള്ള തുകയും കൈമാറ്റം നടന്നതായാണ് വിവരം.
ഇതിനിടയിലാണ് ചില അക്കൗണ്ടുകളിലൂടെ പണം കൈമാറ്റംചെയ്യപ്പെട്ടതു സംബന്ധിച്ച് പൊലീസ് അന്വേഷണമുണ്ടായത്. ഇതോടെ ബാങ്കിന്റെ മുഖ്യ ഓഫിസിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു. അപ്പോഴേക്കും അക്കൗണ്ടുകളിലൂടെ ലക്ഷങ്ങൾ മറിഞ്ഞിരുന്നു.
കഴിഞ്ഞദിവസം രാജസ്ഥാൻ പൊലീസ് സമൻസുമായി ഒരു യുവാവിനെ തേടി എളേറ്റിൽ വട്ടോളി എത്തിയിരുന്നു. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളനുസരിച്ചാണ് യുവാവിനെതിരെ കേസെടുത്തത്. ഇതറിഞ്ഞ ചില വിദ്യാർഥികൾ ഈ യുവാവ് മുഖേന ബാങ്കിൽ അക്കൗണ്ട് എടുത്ത വിവരം രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. സമൻസ് വന്ന യുവാവിന് മറ്റൊരു യുവാവാണ് വിദ്യാർഥികളെ വലയിലാക്കാൻ പ്രേരണ നൽകിയത്. ഇയാൾ ഒളിവിലാണത്രെ. ചാരിറ്റി പണം കൈമാറുന്നതിനാണ് അക്കൗണ്ട് തുടങ്ങുന്നതെന്നും കമീഷൻ ലഭിക്കുമെന്നും ഭാവിയിൽ ഗൾഫിൽ ജോലിസാധ്യതയുണ്ടെന്നും വിശ്വസിപ്പിച്ചാണ് ബാങ്കിന്റെ ഫീൽഡ് സ്റ്റാഫ് മുഖേന വിദ്യാർഥികളെക്കൊണ്ട് അക്കൗണ്ട് തുടങ്ങിപ്പിച്ചത്. പാസ് ബുക്ക്, എ.ടി.എം കാർഡ്, ചെക്ക് ബുക്ക് എന്നിവ അടങ്ങിയ കിറ്റും സിം കാർഡും വിദ്യാർഥികൾ യുവാവിന് കൈമാറി.
ചിലർക്ക് 3000 രൂപയും മറ്റു ചിലർക്ക് 10,000 രൂപയും ലഭിച്ചു. ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്തത് അജ്ഞാതരാണെന്ന് ചതിയിൽപെട്ട ഒരു വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുക്കാൻ ബാങ്കിൽ എത്തിയപ്പോൾ ആദ്യം നൽകിയില്ലത്രെ. പിന്നീട് നിർബന്ധിച്ചപ്പോഴാണ് ലഭിച്ചത്. 54 ലക്ഷത്തോളം രൂപ ഇത്തരത്തിൽ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി മനസ്സിലായപ്പോൾ രക്ഷിതാവും വിദ്യാർഥിയും ഞെട്ടി.അക്കൗണ്ടുകൾ മരവിപ്പിച്ചപ്പോൾ നേരത്തേ എ.ടി.എം കാർഡ് അടക്കമുള്ള കിറ്റ് വാങ്ങിയ യുവാവ് ഇവ വിദ്യാർഥികൾക്കുതന്നെ തിരിച്ചുനൽകിയിരുന്നു. സംഭവത്തിനുപിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഏതുതരത്തിലുള്ള പണമാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.
19 വയസ്സ് പൂർത്തിയായ വിദ്യാർഥികളാണ് അക്കൗണ്ട് തുടങ്ങിയതെന്നും സംശയാസ്പദ സാഹചര്യത്തിൽ ചില അക്കൗണ്ടുകളിലൂടെ പണം കൈമാറ്റം നടന്നപ്പോൾ മുഖ്യ ഓഫിസിൽനിന്ന് നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി മൂന്ന് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും ഐ.സി.ഐ.സി.ഐ കുന്ദമംഗലം ബ്രാഞ്ച് മാനേജർ കെ.വി. റിനീഷ് പറഞ്ഞു.
Post a Comment