Sep 12, 2023

എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും അപകടങ്ങൾ പതിവാകുന്നു


സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകനും മകൾക്കും സാരമായ പരിക്ക്


മുക്കം: ഊട്ടി- കോഴിക്കോട് പാതയുടെ ഭാഗമായ എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും നവീകരണ പ്രവൃത്തി മൂലം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം എരഞ്ഞിമാവ്- കൂളിമാട് റോഡിൽ പന്നിക്കാേട് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്ത് വെച്ച് മാധ്യമ പ്രവർത്തകനും കുടുംബവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. മുക്കം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും പന്നിക്കോട് സ്വദേശിയുമായ ഫസൽ ബാബു (41), മകൾ ഷെൻസ ഫാത്തിമ (7) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരുക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഫസൽ ബാബുവിന് കൈക്കും കാലിനും മകൾക്ക് കൈക്കും തലക്കുമാണ് പരിക്കേറ്റത്.
മഴ പെയ്തതോടെ ജൽ ജീവൻ മിഷൻ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഓവുചാൽ നിർമാണവും മൂലമുള്ള കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം ബൈക്ക് യാത്രക്കാരായ നിരവധി പേരാണ് അപകടത്തിൽ പെട്ടത്. അങ്ങാടികളിലുൾപ്പെടെ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ കുഴിയിൽ ചാടിയുമുള്ള അപകടങ്ങൾ വർധിക്കുകയാണ്. കോടികൾ മുടക്കി നവീകരിക്കുന്ന റോഡുകളിൽ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് നാട്ടുകാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ജൽ ജീവൻ മിഷൻ പ്രവൃത്തി പൂർത്തിയായെങ്കിലും എരഞ്ഞിമാവ്- കൂളിമാട് റോഡിൽ പല സ്ഥലങ്ങളിലും റോഡ് റീ സ്റ്റാേർ ചെയ്തിട്ടില്ല. സ്ഥലം എം.എൽ.എ ലിന്റോ ജോസഫ് കഴിഞ്ഞ മാസം 22ന് എരിഞ്ഞിമാവ്- കൂളിമാട് റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. 2023 ജനുവരി ഒന്നു മുതലാണ് കൂറ്റൻ പൈപ്പുകൾ സ്ഥാപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് കേരള വാട്ടർ അതോറിറ്റിക്ക് റോഡ് കൈമാറിയത്. ഒരു മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കി റോഡ് തിരികെ കൈമാറും എന്ന വ്യവസ്ഥ തെറ്റിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കിയത്. റോഡ് റീ സ്റ്റാേർ ചെയ്യുമ്പോൾ പകുതി ക്വാറി വെയിസ്റ്റും പകുതി ജിപ്സവും ഉപയോഗിക്കണമെന്നാണ് നിയമമെങ്കിലും ഒട്ടുമിക്കയിടങ്ങളിലും ക്വാറി വെയിസ്റ്റ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന പരാതിയും വ്യാപകമാണ്. ഉൾപ്രദേശങ്ങളിലേക്കുള്ള ചെറിയ റോഡുകൾ ഉൾപ്പെടെ പൈപ്പിടുന്നതിനായി കുഴിച്ചിരുന്നു. പൈപ്പിടൽ പ്രവൃത്തി പൂർത്തിയാക്കി താൽക്കാലികമായി മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. മഴ പെയ്തതോടെ മണ്ണ് ഒലിച്ചുപോയി. ഇതുമൂലമാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. ചില ഭാഗങ്ങളിൽ മഴയത്ത് ചെളിമയമാണ്. വാഹനങ്ങൾ താഴ്ന്നു പോകുകയോ ഇരു ചക്രവാഹനങ്ങൾ തെന്നി വീഴുകയോ ചെയ്യുന്നതും പതിവാണ്. എത്രയും പെട്ടന്ന് കുഴികൾ അടച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ പൊതുമരാമത്ത് വകുപ്പാണ് റോഡുകൾ റീ സ്റ്റോർ ചെയ്യേണ്ടതെന്നും അതിനായി വകുപ്പിന് ജല അതോറിറ്റി പണം നൽകിയിട്ടുണ്ടെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only