കൊടിയത്തൂർ: തെയ്യത്തും കടവിൽ റഫീഖ് കുറ്റിയോട്ടിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പുലർച്ചെ കോഴികളുടെ ബഹളം കേട്ട വീട്ടുകാരാണ് ഏകദേശം ഏഴ് അടി നീളമുള്ള പെരുമ്പാമ്പിനെ കൂട്ടിൽ കണ്ടത്. കൂട്ടിലുണ്ടായിരുന്ന നാല് മുട്ടക്കോഴികളിൽ ഒന്നിനെ വിഴുങ്ങിയ നിലയിലായിരുന്നു.
വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്ററെ വിവരമറിയിച്ചതിനെത്തുടർന്ന് കോഴിക്കോട് ജില്ലാ റാപിഡ് റെസ്പോൺസ് ടീം അംഗവും (RRT) താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ കരീം മുക്കം ആണ് പാമ്പിനെ പിടികൂടിയത്. ഇതാദ്യമായാണ് പ്രദേശത്ത് അത്യസാധാരാണ വലിപ്പമുള്ള പെരുമ്പാമ്പിനെ കാണുന്നത്. വിവരമറിഞ്ഞ് ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമായി ഒരു വൻ ജനക്കൂട്ടമാണ് പാമ്പിനെ കാണാനെത്തിയത്.
പുഴയോര പ്രദേശമായതിനാൽ മലവെള്ളപ്പാച്ചിലിലിൽപ്പെട്ട് തീരമണിഞ്ഞതായിരിക്കുമെന്നാണ് പഴമക്കാർ അഭിപ്രായപ്പെടുന്നത്. നിരീക്ഷണത്തിനു ശേഷം പാമ്പിനെ വനമേഖലയിൽ തുറന്നു വിടുമെന്ന് അധികൃതർ പറഞ്ഞു.
Post a Comment