ഡൽഹി: 140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ ‘ചന്ദ്രയാൻ 3’ ദൗത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.
നിലവിൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ ഓരോ മണിക്കൂർ കഴിയുന്തോറും അത് സംഭവിക്കാനുള്ള സാധ്യത മങ്ങുന്നു.
ഭൂമിയിൽ ഒരു ചാന്ദ്ര ദിനമോ ഏകദേശം 14 ദിവസമോ പ്രവർത്തിക്കാനാണ് ദൗത്യം രൂപകൽപ്പന ചെയ്തിരുന്നത്. ലാൻഡറും റോവറും തങ്ങളിരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സൂര്യൻ വീണ്ടും ഉദിച്ചതിനാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചുകഴിഞ്ഞാൽ ഉണർന്നേക്കാം എന്നൊരു പ്രതീക്ഷ ഐഎസ്ആർഒ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ, ചന്ദ്രയാൻ 3 അതിന്റെ ശാസ്ത്ര ലക്ഷ്യം പൂർത്തിയാക്കിയ ശേഷം വരാനിരുന്ന ചന്ദ്ര സൂര്യാസ്തമയത്തിന് മുന്നോടിയായി തന്നെ ഗവേഷകർ ഉപകരണങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് സ്ലീപ്പ് മോഡിലേക്ക് മാറ്റി. ദൗത്യത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനായിരുന്നു ഈ നീക്കം.
വിക്രം, പ്രഗ്യാൻ എന്നിവയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ചന്ദ്രനിലെ രാത്രികാല സാഹചര്യങ്ങളെ അതിജീവിക്കാൻ പാകത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ചാന്ദ്ര രാത്രിയിലെ പൂർണ്ണമായ ഇരുട്ടിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ദൗത്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. താപനില മൈനസ് 200 ഡിഗ്രിക്ക് താഴെയായി കുറയുകയും ചെയ്തു. ഇലക്ട്രോണിക്സ് ഡിവൈസുകളെ മരവിപ്പിക്കാനും നശിപ്പിക്കാനും ഈ താപനിലയ്ക്ക് കഴിയും.
എന്നാൽ ബഹിരാകാശ പേടകത്തിന് അത്യധികമായ സാഹചര്യങ്ങളെ അതിജീവിക്കാനും സെപ്തംബർ 22ന് പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. റോവറും ലാൻഡറും ഉള്ള പ്രദേശത്ത് സൂര്യപ്രകാശം ലഭിക്കുന്നതോടെ അവർക്ക് ബാറ്ററി റീചാർജ് ചെയ്യാനവസരം ലഭിച്ചേക്കുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇതുവരെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ബഹിരാകാശ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.
തണുത്തുറഞ്ഞ ഉപകരണങ്ങൾക്ക് ചാന്ദ്രരാത്രിയുടെ താപനില സഹിക്കാൻ 50-50 സാധ്യത മാത്രമേയുള്ളൂ. ബഹിരാകാശ പേടകം വീണ്ടും ഉണരാനുള്ള സാധ്യതകൾ ഓരോ മണിക്കൂറിലും മങ്ങുകയാണെന്നും, ചന്ദ്രനിലെ തീവ്രമായ അവസ്ഥകളെ പല ഘടകങ്ങളും അതിജീവിച്ചിട്ടുണ്ടാകില്ലെന്നും മുൻ ഐഎസ്ആർഒ മേധാവി എഎസ് കിരൺ കുമാർ ബിബിസിയോട് പറഞ്ഞു.
വീണ്ടും ഉണർന്നില്ലെങ്കിലും, ചന്ദ്രയാൻ-3 ദൗത്യം ഒരു വലിയ വിജയമായി തുടരുകയാണ്. ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. അതുവഴി, ചാന്ദ്ര സോഫ്റ്റ് ലാൻഡിങ് നേടിയ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് മറ്റുള്ള രാജ്യങ്ങൾ.
Post a Comment