Oct 10, 2023

അല്‍താഫിനെ ചേര്‍ത്തുപിടിച്ച് ഒരു നാട്: ചികിത്സാ സഹായ ഫണ്ടിലേക്ക് എത്തിയത് 81,52065 ലക്ഷം രൂപ


സഹായ വിതരണവും അഡ്വ. ഷമീർ കുന്നമംഗലത്തെ ആദരിക്കലും ഇന്ന് (ചൊവ്വ) വൈകു. 3.30 ന് ഗോതമ്പറോഡില്‍


കൊടിയത്തൂര്‍: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായ ഗോതമ്പറോഡിലെ അല്‍ത്താഫിന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നാടൊരുമിച്ചപ്പോള്‍ കുറഞ്ഞ ദിവസം കൊണ്ട് ഒഴുകിയെത്തിയത് 81 ലക്ഷത്തി 52065 രൂപ. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് അല്‍ത്താഫ്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ 151 അംഗ ജനകീയ കമ്മിറ്റിയാണ് വിവിധ മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തിയത്.
അല്‍താഫിന്റ ഉമ്മ സാനിതയുടെയും പിതാവ് ഹനീഫയുടെയും ബാങ്ക് അക്കൗണ്ട് കളിലൂടെ 44,95685 ലക്ഷം രൂപയും, ജനകീയ കമ്മിറ്റി ഓഫീസില്‍ നിന്നും 36,56380 രൂപയുമാണ് ലഭിച്ചത്.
ലഭിച്ച സംഖ്യയില്‍ നിന്ന് അല്‍ത്താഫിന്റെ ചികിത്സക്കും തുടര്‍ചികിത്സക്കുമായി അറുപത് ലക്ഷം രൂപയും, ചിലവ് കഴിച്ച് ബാക്കി വരുന്ന 20,92065 രൂപ ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസമനുഭവിക്കുന്ന കാന്‍സര്‍-കിഡ്‌നി രോഗികള്‍ ഉള്‍പ്പടെയുള്ള 27 രോഗികള്‍ക്കും, കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, കീഴ്പറമ്പ് പഞ്ചായത്തുകളിലെ പാലിയേറ്റീവിന് കീഴിലുള്ള 52 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള ധന സഹായമായും വിതരണം ചെയ്യും. ഒക്ടോബര്‍ 10 ബുധന്‍ വൈകുന്നേരം 3.30 ന് ഗോതമ്പറോഡ് എ.എം.ഐ മദ്‌റസ അങ്കണത്തില്‍ രോഗികള്‍ക്കുള്ള സഹായം വിതരണം ചെയ്യും. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന് പൗരാവലിയുടെ ആദരം സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

വിവിധ പ്രദേശങ്ങളിലുള്ള വ്യക്തികളും കൂട്ടായ്മകളും സഹായ ഹസ്തവുമായി ഗോതമ്പറോഡിലെ സഹായ സമിതി ഓഫീസിലെത്തിയിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ശേഖരിച്ചുവെച്ച നാണയത്തുട്ടുകളടങ്ങിയ സമ്പാദ്യക്കുടുക്കകളുമായി കൂട്ടുകാരന്റെ ചികിത്സാ സഹായത്തിന് നല്‍കാന്‍ നൂറോളം കൂട്ടുകാരെത്തിയത് സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു. കളിക്കൂട്ടുകാര്‍ ഉള്‍പ്പടെയുള്ള പത്തോളം പേര്‍ തങ്ങളുടെ മോതിരം ഉള്‍പ്പടെയുള്ള സ്വര്‍ണാഭരണങ്ങള്‍ സഹായ നിധിയിലേക്ക് ഊരി നല്‍കിയത് സദസ്സിലുള്ളവരുടെ കണ്ണുനനയിച്ചു. കൈയില്‍ കാശില്ലാത്ത പലരും വീട്ടിലെ പശു, ആട്, കോഴി, മുയല്‍, താറാവ്, വാഴക്കുല തുടങ്ങിയവ ലേലം വിളിക്കാനായി ഏല്‍പിച്ചു. ഒരു വീട്ടുകാരന്‍ വീട്ടിലെ ഇരുമ്പിന്റെ ഊഞ്ഞാലാണ് നല്‍കിയത്. ഒരു സൈക്കിള്‍ കട സൈക്കിളാണ് ലേലത്തിനായി നല്‍കിയത്. ധന സമാഹരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ലേലം വിളി വേറിട്ടതായി. 

നാട്ടിലെയും വിദേശത്തെയും വിവിധ കൂട്ടായ്മകള്‍, വിദ്യാര്‍ഥികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, കൊടിയത്തൂര്‍ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂനിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബഗ്രൂപ്പുകള്‍, സന്നദ്ധസേവര്‍, വാട്സാപ്പ് കൂട്ടായ്മകള്‍, സ്‌കൂളുള്‍, മദ്റസ, പള്ളിക്കമ്മറ്റി, ക്ഷേതക്രമ്മിറ്റി, ചര്‍ച്ച് എന്നിവര്‍ വ്യത്യസ്ത രീതികളില്‍ ധന സമാഹരണം നടത്തി കമ്മിറ്റിയെ ഏല്‍പിച്ചു. ഒരു ദിവസത്തെ കലക്ഷന്‍ മുഴുവന്‍ അല്‍താഫ് ഫണ്ടിലേക്ക് നല്‍കി ബസുകളും ഓട്ടോയും ഓടി. ഒരാഴ്ചക്കാലം അഡ്വ. ഷമീര്‍ നാട്ടുകാര്‍ക്കൊപ്പം ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അല്‍താഫിന്റെ ജീവന്‍ രക്ഷിക്കാനായി സഹായിച്ച സുമനസ്സുകള്‍ക്ക് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ പുതിയോട്ടില്‍ നന്ദി അറിയിച്ചു. 
വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ കബീര്‍ കണിയാത്ത്, ട്രഷറര്‍, എം.ടി സത്താര്‍, മീഡിയ കോഡിനേറ്റര്‍ സാലിം ജീറോഡ്, സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only