Oct 21, 2023

സന്തോഷ് ഈപ്പന്റെയും സ്വപ്ന സുരേഷിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി


ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടേറ്റ് കണ്ടുകെട്ടി. ബാങ്ക് ബാലൻസും വീടും ഉൾപ്പെടെയുളള 5.38 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇഡി തന്നെയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി പുറത്തുവന്നിരുന്നു. സർക്കാരുമായി കരാർ ഒപ്പിടും മുമ്പ് തന്നെ സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്ന് സന്തോഷ് ഈപ്പൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. പദ്ധതിയുടെ പ്രാഥമിക ചർച്ചയിൽ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് സന്തോഷ് ഈപ്പൻ ഇഡിക്ക് നൽകിയ മൊഴിയിലുണ്ടായിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച തുടങ്ങുന്നത് മുതൽ കരാറിൽ ഒപ്പുവെക്കുന്നത് വരെയുള്ള നിർണായക വിവരങ്ങളാണ് സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ടായിരുന്നത്. കേസിൽ ഏഴാം പ്രതിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നാല് കോടിയിലധികം തുക കരാർ ലഭിച്ചതിന്റെ ഭാഗമായി ഇടനിലക്കാർക്ക് കോഴ നൽകിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിൽ സന്തോഷ് ഈപ്പൻ നൽകിയ മൊഴി ഇങ്ങനെ
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ആദ്യ ചർച്ചയിൽ സ്വപ്നാ സുരേഷും, സന്ദീപും സരിത്തുമാണ് പങ്കെടുത്തത്. പദ്ധതിയുടെ കരാർ നൽകണമെങ്കിൽ കമ്മീഷൻ നൽകണമെന്ന് ആദ്യമേ തന്നെ സ്വപ്ന ആവശ്യപ്പെട്ടു. അതോടെ ആദ്യഘട്ടത്തിൽ കരാർ വേണ്ടെന്നു വെച്ചു. രണ്ടാഴ്ചക്ക് ശേഷം കരാറിനായി സ്വപ്നയും സംഘവും വീണ്ടും ബന്ധപ്പെട്ടു. പദ്ധതി തുടങ്ങുന്നതിന് മുൻപ് മുൻകൂറായി കരാർ തുക നൽകാമെങ്കിൽ കമ്മീഷൻ തിരികെ നൽകാമെന്ന നിബന്ധനയാണ് അന്ന് മുന്നോട്ട് വെച്ചത്. യുഎഇ കോൺസുലേറ്റിനെ കാണണമെന്നും യൂണിടാക്ക് ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ 40 ശതമാനം തുക പണി തുടങ്ങുന്നതിന് മുൻപ് നൽകാമെന്ന് പറഞ്ഞതോടെ കോഴ നൽകാമെന്ന് യൂണിടാക്കും സമ്മതിച്ചു
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നതിന് മുൻപായിരുന്നു ഇരുകൂട്ടരും തമ്മിൽ കമ്മീഷനിൽ ധാരണയിലെത്തിയത്. തുടർന്ന് 3.80 കോടി രൂപ സ്വപ്നയ്ക്കും യുഎഇ പൗരനായ ഖാലിദിനും, 1.12 കോടി രൂപ സരിത്തിനും, സന്ദീപിനും യദുവിനും നൽകി. ഇതിന് ശേഷമാണ് പദ്ധതിയുടെ എഗ്രിമെന്റിൽ യുണിടാക്ക് ഒപ്പുവെച്ചതെന്നും ഇഡിക്ക് നൽകിയ മൊഴിയിൽ സന്തോഷ് ഈപ്പൻ പറയുന്നു'

മുഖ്യമന്ത്രി ഇടപെട്ട് വടക്കാഞ്ചേരി ലൈഫ് മിഷൻ ധാരണാപത്രം അട്ടിമറിച്ചെന്ന സ്വന്തം ആരോപണത്തിന് വിരുദ്ധമായി സ്വപ്നയുടെ തന്നെ മൊഴി പുറത്തുവന്നിരുന്നു. ലൈഫ് മിഷൻ കേസിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ പരസ്പരവിരുദ്ധമായ മൊഴികളുണ്ടായിരുന്നത്. ധാരണാപത്രം ഒപ്പിട്ടതിനുശേഷം ക്ലിഫ് ഹൗസിൽ യോഗം ചേർന്ന് പദ്ധതി റെഡ് ക്രസൻറ് നേരിട്ട് നടത്തുന്ന വിധത്തിലാക്കിയത് കമ്മീഷൻ കൈക്കലാക്കാൻ വേണ്ടിയായിരുന്നുവെന്നാണ് സ്വപ്ന പറഞ്ഞത്. എന്നാൽ, ഇതിനോട് ചേരുന്നതല്ല, കുറ്റപത്രത്തിൽ മറ്റൊരിടത്ത് ശിവശങ്കറിനെതിരേ സ്വപ്ന നൽകിയ മൊഴി

ലൈഫ് മിഷനും റെഡ് ക്രസൻറും തമ്മിൽ 2019 ജൂലൈ 11ന് ഒപ്പിട്ട ധാരണാപത്രത്തിൽ പറയുന്നത് വടക്കാഞ്ചേരി പദ്ധതിയുടെ നിർവഹണം ആര് പൂർത്തിയാക്കുമെന്നാണ്? സ്വപ്ന ഇ.ഡിക്ക് നൽകിയ മറുപടി പ്രകാരമെങ്കിൽ ഈ ചോദ്യത്തിന് കിട്ടുന്ന ഉത്തരം ഇങ്ങനെയാണ്:''പദ്ധതി സർക്കാർ പൂർത്തിയാക്കാനായിരുന്നു ധാരണാപത്രം. എന്നാൽ, തൊട്ടടുത്ത ദിവസം ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി, കോൺസുൽ ജനറൽ, എം. ശിവശങ്കർ, സ്വപ്ന എന്നിവർ പങ്കെടുത്ത യോഗത്തിൽ ഈ തീരുമാനം മാറ്റി. പകരം റെഡ് ക്രസൻറ് പൂർത്തിയാക്കി കൈമാറുന്ന വിധത്തിലാക്കി.''

സർക്കാരിന്റെ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ച് പോയാൽ അഴിമതി നടക്കില്ലെന്ന് കണ്ടാണ് തീരുമാനം മാറ്റിയതെന്നാണ് സ്വപ്നയുടെ മൊഴി. എന്നാൽ, കുറ്റപത്രത്തിന്റെ 128-ാം പേജിൽ ശിവശങ്കർ സ്വപ്നയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം ഇ.ഡി ഉദ്ധരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവിലേക്കായി റെഡ് ക്രസൻറ് എഴുതിയ കത്താണിത്. ഇതുപ്രകാരം പദ്ധതി റെഡ് ക്രസൻറ് തന്നെ പൂർത്തിയാക്കുമെന്നാണ് സർക്കാരിന് ഉറപ്പുകൊടുക്കുന്നത്. ജൂലൈ ഒൻപതിനു നൽകിയ ഈ കത്തുപ്രകാരമാണ് രണ്ടുദിവസത്തിനുശേഷം ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ചോദ്യംചെയ്യലിൽ സ്വപ്ന ഇത് അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ധാരണാപത്രത്തിൽ പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നെന്ന സ്വപ്നയുടെ വാദം അവരുടെ മൊഴിയിലൂടെ തന്നെ റദ്ദായിപ്പോവുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only