Nov 22, 2023

സാഹിത്യകാരി പി. വത്സല അന്തരിച്ചു


കോഴിക്കോട് :

മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച 'നെല്ല്' എന്ന നോവലിലൂടെയാണ് എഴുത്തിെൻറ ലോകത്ത് ശ്രദ്ധേയയായത്.

ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം, വേനല്‍, കനല്‍, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേര്‍, റോസ്മേരിയുടെ ആകാശങ്ങള്‍, വിലാപം, ആദിജലം, മേല്‍പ്പാലം, ഗായത്രി, തകര്‍ച്ച എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കില്‍ അല്‍പം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാദ്ധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങള്‍. മരച്ചുവട്ടിലെ വെയില്‍ച്ചീളുകള്‍ (അനുഭവങ്ങള്‍), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു കൃതികള്‍. 

'നിഴലുറങ്ങുന്ന വഴികള്‍' എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1975)ലഭിച്ചു. 2007ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം (2017), 2021 ല്‍ എഴുത്തച്ഛൻ പുരസ്കാരം, കുങ്കുമം അവാര്‍‍ഡ്, സി.എച്ച്‌. മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിെൻറ അക്ഷരം അവാര്‍ഡ്, മയില്‍പീലി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. 

1938 ഏപ്രില്‍ നാലിന് കോഴിക്കോട് മാലാപറമ്പില്‍ കാനങ്ങോട്ടു ചന്തുവിെൻറയും പത്മാവതിയുടെയും മകളായാണ് ജനനം. കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളില്‍ പ്രധാന അധ്യാപികയായിരുന്നു. 1993-ല്‍ വിരമിച്ചു. ഭര്‍ത്താവ്: അപ്പുക്കുട്ടി. മകള്‍: ഡോ. മിനി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only