കോടഞ്ചേരി : തുഷാരഗിരി, ജീരകപ്പാറ പ്രദേശത്ത് വളർത്തുനായ്ക്കൾ അപ്രത്യക്ഷമാകുന്നതും,രണ്ടാഴ്ച മുമ്പ് ജീരകപ്പാറ ഭാഗത്തും നിന്നും പുലിയെ കണ്ടതായി പ്രദേശവാസികൾ സംശയം ഉന്നയിച്ചതുമായ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം പ്രദേശവാസിയായ കൊട്ടാരത്തിൽ ഉലഹനാൻ എന്ന കർഷകന്റെ വളർത്തുനായയെ കാണാതായിരുന്നു. ഇന്നലെ രാത്രിമുതൽ വെള്ളാവൂർ ആന്റണി എന്ന കർഷകന്റെയും വളർത്തുനായയെ കാണാതായി.
വളർത്തുന്ന നായ്ക്കളെ രാത്രികാലങ്ങളിൽ കാണാതാകുന്നതിൽ ആശങ്കയിലായ ജീരകപ്പാറ പ്രദേശത്തുള്ള കർഷകർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രദേശത്ത് ഭീതി വരുത്തുന്ന കാട്ടുമൃഗം പുലി ആണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.
കഴിഞ്ഞയാഴ്ച രാത്രിയിൽ മഞ്ഞുമല പന്നിഫാമിലെ ജോലിക്കാരൻ സഞ്ചരിച്ച വാഹനത്തിന് മുൻപിലേക്ക് പുലി എന്ന് കരുതപ്പെടുന്ന കാട്ടുമൃഗം ചാടിയിരുന്നു. നായ്ക്കളെ കാണാതായ ജീരകപ്പാറക്ക് സമീപത്തുള്ള കർഷകർ പുലിയാണ് പ്രദേശത്ത് വളർത്തുന്ന നായ്കളെ പിടികൂടുന്നത് എന്ന് സംശയം പ്രകടിപ്പിച്ചത്. ( *ന്യൂസ് തയ്യാറാക്കിയത് :നെല്ലിപൊയിൽ ന്യൂസ്*)
Post a Comment