Nov 20, 2023

നവകേരള സദസ്സിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് നൽകില്ല


കോടഞ്ചേരി: നവ കേരള സഭ എന്ന് പേരിട്ടുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ആർഭാടത്തിനും ധൂർത്തിനും വേണ്ടി ചിലവഴിക്കാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നികുതി ദായകരുടെ പണം നൽകില്ല എന്ന് ഭരണസമിതി യോഗം തീരുമാനിച്ചു.

20 .11 .2023 രാവിലെ 11 30 ചേർന്ന ഭരണസമിതി യോഗത്തിലെ മൂന്നാം നമ്പർ അജണ്ടയായി ചർച്ച ചെയ്ത പ്രസ്തുത വിഷയത്തിൽ ഭരണസമിതി യോഗത്തിൽ പങ്കെടുത്ത ഇരുപത് അംഗങ്ങളിൽ അഞ്ചു പ്രതിപക്ഷ അംഗങ്ങൾ വിയോജിച്ചു. 15 ഭരണപക്ഷ മെമ്പർമാരുടെ പൂർണ്ണ പിന്തുണയോടെ ഭരണസമിതി തീരുമാനം കൈക്കൊണ്ടു.

പഞ്ചായത്ത് രാജ് ചട്ടത്തിന്റെ അന്തസത്തെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിൽ വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും കേന്ദ്രീകൃത ആസൂത്രണത്തിലൂടെ സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്സ്ഥിരതയെ തന്നെ നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാര് നടത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേമ പെൻഷനുകൾ കൊടുക്കാൻ കാശില്ലാത്ത, സപ്ലൈകോയുടെ അവശ്യസാധനങ്ങൾ മേടിച്ചതിന് പൈസ കൊടുക്കാൻ കാശില്ലാത്ത, പാവപ്പെട്ട നെൽ കർഷകർക്ക് കൊടുക്കാൻ കാശില്ലാത്ത, കെഎസ്ആർടിസിലെ ഡ്രൈവർമാർക്ക് ശമ്പളം കൊടുക്കാൻ കാശില്ലാത്ത സംസ്ഥാന സർക്കാർ 27 കോടി രൂപ മുതൽമുടക്കി പാവപ്പെട്ട ജനങ്ങളെ കൊഞ്ഞനം കുത്തുന്ന നടപടി ഉടനടി അവസാനിപ്പിക്കണമെന്നും എല്ലാം ശരിയാകും എന്ന് പറഞ്ഞ വോട്ട് മേടിച്ച് അധികാരത്തിൽ വന്നിട്ട് സാമ്പത്തിക അച്ചടക്കം ഇല്ലായ്മയും ധൂർത്തിന്റെയും കെടുകാര്യസ്ഥിതിയും ഭാഗമായി അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട കഴിവുകെട്ട സർക്കാരിൻറെ വികൃതമായ മുഖം ജനം തിരിച്ചറിയുമെന്നും ഭരണസമിതി വിലയിരുത്തി.

പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡൻറ് ചിന്നാ അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only