Dec 5, 2023

ഗസ്സ വംശഹത്യയുടെ വക്കിൽ, ഒരിടവും സുരക്ഷിതമല്ലെന്ന് യുഎൻ’;രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 800 പേർ


വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം ഗസ്സയ്ക്ക് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. രണ്ട് ദിവസത്തിനിടെ 800 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗസ്സയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാല്‍ സഹായം എത്തിക്കാനാകുന്നില്ല. ഗസ്സ വംശഹത്യയുടെ വക്കിലാണെന്നും യു എന്‍ പറഞ്ഞു.


ഇസ്രാഈലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതില്‍ സെക്രട്ടറി ജനറല്‍ അതീവ പരിഭ്രാന്തനാണ്. ആളുകളോട് ഒഴിഞ്ഞുമാറാന്‍ ഉത്തരവിട്ടാല്‍ സുരക്ഷിതമായി പോകാന്‍ ഒരിടവുമില്ല. അതിജീവിക്കാന്‍ വളരെ കുറച്ച് പേര്‍ മാത്രമേയുള്ളൂവെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ഗസ്സയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന തുടര്‍നടപടികള്‍ ഒഴിവാക്കാനും സാധാരണക്കാരെ കൂടുതല്‍ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രാഈലിനോട് അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ സാധാരണ ജനങ്ങളെ ആക്രമിക്കരുതെന്ന് അമേരിക്ക ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. അതേസമയം ഹമാസിനെ നേരിടുന്നതിന് യുദ്ധ കപ്പലുകളോടും യുദ്ധവിമാനങ്ങളോടും ഇസ്രാഈലിലേക്ക് അടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. വെസ്റ്റ് ബാങ്കില്‍ റെയ്ഡ് തുടരുകയാണ്. ഗാസയില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിലച്ചെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

കരയുദ്ധം ഗാസ മുഴുവന്‍ വ്യാപിപ്പിച്ചുവെന്ന് ഞായറാഴ്ച ഇസ്രാഈല്‍ സൈന്യം അറിയിച്ചിരുന്നു. പന്ത്രണ്ടോളം ടാങ്കുകള്‍ക്കും കവചിത വാഹനങ്ങളും ബുള്‍ഡോസറുകളടക്കമുളള ഇസ്രാഈല്‍ സൈന്യം ഗാസയിലെ ഖാന്‍ യൂനിസിന് സമീപമെത്തി

ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാന്‍ യൂനിസിലും പരിസരത്തുമുളള 20 ഇടങ്ങളില്‍ നിന്ന് ഫലസ്തീന്‍കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമമാര്‍ഗം ലഘുലേഖകള്‍ വിതരണം ചെയ്തായിരുന്നു അറിയിപ്പ്.

യുദ്ധ നിയമങ്ങളനുസരിച്ച് സാധാരണക്കാര്‍ക്ക് സംരക്ഷണമേകണമെന്ന് ഗാസ സന്ദര്‍ശിച്ച റെഡ്‌ക്രോസ് പ്രസിഡന്റ് മിര്യാന സൊപ്ല്‍യാരിക് അഭ്യര്‍ഥിച്ചു. ഒക്ടോബറില്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വടക്കന്‍ ഗാസയില്‍ നിന്ന് 11 ലക്ഷം പേരെ ഇസ്രാഈല്‍ കുടിയിറക്കിയിരുന്നു.

ഇവരുള്‍പ്പെടെ യുദ്ധം അഭയാര്‍ഥികളാക്കിയ 18 ലക്ഷം പേരില്‍ ഭൂരിപക്ഷവും പാര്‍ക്കുന്നത് തെക്കന്‍ ഗാസയിലാണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ 63 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റസ് പറഞ്ഞു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only