Dec 26, 2023

സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും; സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാൻ എല്‍ഡിഎഫ് നേരത്തെ അനുമതി നല്‍കിയെങ്കിലും നവകേരള സദസ് തീരാൻ കാത്തിരിക്കുകയായിരുന്നു.

2016 മെയ് മുതല്‍ 13 ഇനം അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോയില്‍ ഒരേ വിലയാണ്. പിണറായി സര്‍ക്കാര്‍ പ്രധാന നേട്ടമായി എണ്ണിയിരുന്ന അവശ്യസാധന സബ്സിഡിയില്‍ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നായിരുന്നു സപ്ലൈകോയുടെ നിലപാട്. ഒന്നുകില്‍ നഷ്ടം നികത്താൻ പണം അല്ലെങ്കില്‍ വിലകൂട്ടാൻ അനുമതി എന്ന കടുംപിടുത്തത്തില്‍ വില കൂട്ടാൻ ഇടത് മുന്നണി കൈകൊടുക്കുകയായിരുന്നു. കടം കയറി കുടിശിക പെരുകി കരാറുകാര്‍ പിൻമാറിയതോടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ സപ്ലൈകോയെ കരകയറ്റാനാണ് വിലവര്‍ദ്ധനയ്ല്ലാതെ കുറുക്കുവഴികളില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടേയും വിലയിരുത്തല്‍. പല ഉത്പന്നങ്ങള്‍ക്കും നിലവില്‍ അമ്ബത് ശതമാനത്തില്‍ അധികം ഉള്ള സബ്സിഡി കുത്തനെ കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ് മുൻഗണനയെന്നാണ് വിവരം.

സര്‍ക്കാര്‍ സബ്സിഡി കുറയ്ക്കുന്നതോടെ അവശ്യസാധനങ്ങളുടെ വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. വിമര്‍ശനം കുറക്കാൻ നിലവിലെ 13 ഇനങ്ങള്‍ക്ക് പുറമെ കൂടുതല്‍ ഉത്പന്നങ്ങള്‍ സബ്സിഡി പരിധിയിലേക്ക് വരും. അതാത് സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിന് ഉള്ള തുക അവിടെ നിന്ന് തന്നെ സമാഹരിക്കാനും സര്‍ക്കാരിന്‍റെ ബാധ്യത കുറക്കാനുമുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അധികം വൈകാതെ തീരുമാനം എടുക്കും. ക്രിസ്മസ് ചന്തയിലടക്കം മുഴുവൻ സബ്സിഡി സാധനങ്ങളില്ലായിരുന്നു. പുതുവര്‍ഷത്തില്‍ സപ്ലൈകോയില്‍ സാധനങ്ങളുണ്ടാകും പക്ഷെ, വില കൂടുതല്‍ കൊടുക്കണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only