വയനാട് സുൽത്താൻബത്തേരി വാകേരിയിൽ യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. കടുവയെ മയക്കുവെടി വയ്ക്കാൻ മാത്രമാണ് ഉത്തരവ്. അതേസമയം, കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതിനിടെ, കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിങ് വിദഗ്ധർ തെരച്ചിൽ തുടങ്ങി.
ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്. നരഭോജി കടുവയാണിതെന്നും ഇതിനെ പിടികൂടി കൊന്നില്ലെങ്കിലും വീണ്ടും ആക്രമിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
Post a Comment