Jan 10, 2024

പ്രധാനമന്ത്രി റീചാർജ് യോജന’, ക്ലിക്ക് ചെയ്തപ്പോൾ 1600 നഷ്ടം; 700 രൂപയുടെ ചുരിദാറിന് 2 ലക്ഷം നഷ്ടം: സൈബർ കുരുക്കിൽ കേരളം


തിരുവനന്തപുരം :  തലസ്ഥാനത്തുള്ള യുവതിക്ക് ഫോണിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഒരു സന്ദേശം ലഭിച്ചു. ‘പ്രധാനമന്ത്രി റീചാർജ് യോജന’ എന്നായിരുന്നു ഉള്ളടക്കം. കേന്ദ്രസർക്കാർ ഫോണുകൾ സൗജന്യമായി റീചാർജ് ചെയ്തു കൊടുക്കുന്ന പദ്ധതിയാണ് എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒടിപി ചോദിച്ച് സന്ദേശമെത്തി. ഒടിപി കൊടുത്തതോടെ അക്കൗണ്ടിലൂണ്ടായിരുന്ന 1600 രൂപ നഷ്ടമായി. പൊലീസിന്റെ സൈബർ വിഭാഗം പരാതി അന്വേഷിക്കുകയാണ്. ലാഭത്തിന് വസ്ത്രങ്ങൾ നൽകാമെന്നു പറഞ്ഞുള്ള തട്ടിപ്പും വ്യാപകമാണ്. 700 രൂപയുടെ ചുരിദാറിന് 2 ലക്ഷംരൂപ നഷ്ടമായവരുണ്ടെന്ന് സൈബർ പൊലീസ് പറയുന്നു. 


വിലകൂടിയ ചുരിദാറുകൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും. ചുരിദാർ ഓർഡർ ചെയ്യുന്നവർക്ക് പഴകിയ, കീറിയ ചുരിദാറാകും ലഭിക്കുക. പരാതിപ്പെടാൻ വീണ്ടും ലിങ്കിലൂടെ ബന്ധപ്പെടും. പൈസ തിരികെ ലഭിക്കാൻ പുതിയൊരു ലിങ്കിൽ കയറി അപേക്ഷിക്കാൻ തട്ടിപ്പുകാർ നിർദേശിക്കും. ഈ ലിങ്കിൽ കയറുമ്പോൾ വ്യക്തിഗത വിവരങ്ങളും ഒടിപിയും ചോദിക്കും. നൽകുന്നവരുടെ പണം അക്കൗണ്ടിൽനിന്ന് നഷ്ടമാകും. ബിറ്റ് കോയിൻ വാങ്ങാനായി പണം നൽകുന്നവരിൽനിന്നും വ്യാജ സൈറ്റുകളും സന്ദേശങ്ങളും കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

സൈബർ തട്ടിപ്പു സംബന്ധിച്ച് പൊലീസിനു ലഭിക്കുന്ന പരാതികളിൽ വൻ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം പൊലീസിനു ലഭിച്ചത് 23,000 പരാതികൾ. പ്രാഥമിക അന്വേഷണത്തിനുശേഷം 2395 പരാതികളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. 2022ൽ പരാതികൾ 13,000 ആയിരുന്നു. റജിസ്റ്റർ ചെയ്തത് 1200 കേസുകൾ. ഒരു വർഷത്തിനിടെ പരാതികളുടെ എണ്ണം പതിനായിരത്തോളം ഉയർന്നു.

2021ൽ 6700 പരാതികളാണ് പൊലീസിനു ലഭിച്ചത്. റജിസ്റ്റർ ചെയ്ത കേസുകൾ നൂറിൽ താഴെ. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായതും പൊലീസ് നടപടികൾ ശക്തമാക്കിയതുമാണ് പരാതികളും കേസുകളും വർധിക്കാനിടയാക്കിയത്. ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ഒടിടി തട്ടിപ്പ്, സമൂഹ മാധ്യങ്ങളിലൂടെയുള്ള തട്ടിപ്പ്, മിലിട്ടറി ഉദ്യോഗസ്ഥരെന്ന പേരിൽ തട്ടിപ്പ്, ലോൺ ആപ് തട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെയാണ് കൂടുതലായും കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കോടിക്കു മുകളിൽ തുകകൾ തട്ടിയെടുക്കുന്നത് ഓൺലൈൻ ട്രേഡിങ്ങിലൂടെയാണ്. ലോൺ ആപ്പിലൂടെ പരമാവധി 4 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിരിക്കുന്നത്. 2.60 കോടി രൂപയാണ് ഓൺലൈൻ ട്രേഡിങ്ങിലൂടെ ഇന്ന് തൃക്കാക്കര സ്വദേശിക്ക് നഷ്ടമായത്.

തട്ടിപ്പുകാരുടെ അക്കൗണ്ടുകളും മൊബൈൽ നമ്പരും സൈബർ തെളിവുകളും പിന്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തുന്നത്. നേരത്തെ കേരളത്തിനു പുറത്തുള്ളവരാണ് തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ കേരളത്തിലുള്ളവരും ഇപ്പോൾ തട്ടിപ്പിൽ പങ്കാളികളാകുന്നുണ്ട്. കേരളത്തിനു പുറത്തുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിയെടുക്കുന്ന പണം കേരളത്തിലെ അക്കൗണ്ടുകളിലേക്ക് തിരിച്ചു വരുന്ന പ്രവണത വർധിക്കുകയാണെന്ന് സൈബർ പൊലീസ് പറയുന്നു.

ബിറ്റ് കോയിൻ തട്ടിപ്പുകളിലാണ് ഈ രീതിയുള്ളത്. പൊലീസ് പിടിക്കാതിരിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ അക്കൗണ്ട് തുറന്ന് വിപുലമായ നെറ്റ്‌വർക്കോടെയാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. ബാങ്കുകളുടെ സഹകരണം ലഭിക്കുന്നതിനാൽ വേഗത്തിൽ നടപടി സാധ്യമാകുന്നുണ്ട്. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം പരാതി ലഭിച്ചതിനാൽ 2.78 ലക്ഷം രൂപ ഒരു പരാതിക്കാരനു തിരികെ ലഭിച്ചു. സൈബർ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും സൈബർ സുരക്ഷയ്ക്കും പ്രത്യേക സൈബർ ഡിവിഷനും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കടപ്പാട് :

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only