Jan 21, 2024

സുരക്ഷയേകാം നമ്മുടെ കുഞ്ഞു മക്കൾക്ക്...


നിരവധി ചെറിയ കുട്ടികളാണ് വാഹനാപകടത്തിൽ ഇരയാകുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ഉണ്ടായത്. സ്കൂൾ ബസ്സിൽ നിന്നിറങ്ങി അതേ ബസ്സിന്റെ മുൻപിൽ കൂടി റോഡ് മുറിച്ചു കിടക്കുമ്പോൾ അശ്രദ്ധമായി മുന്നോട്ട് എടുത്ത സ്വന്തം സ്കൂൾ ബസ് തന്നെ തട്ടി പരിക്കേറ്റ സംഭവം.

സമാനമായ സംഭവമാണ് കഴിഞ്ഞവർഷം താനൂരിലും സംഭവിച്ചത്. നിർത്തിയിട്ട സ്കൂൾ ബസിന്റെ പുറകിൽ കൂടി റോഡ് മുറിച്ച് കടക്കുമ്പോൾ എതിർഭാഗത്തുനിന്ന് വരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൻറെ നടുവിലേക്ക് പ്രവേശിച്ചതിനു ശേഷം മാത്രമാണ് ആ കുട്ടിയെ ഡ്രൈവർ കാണുന്നത്. ബ്ലൈൻഡ് സ്പോട്ടിൽ നിന്ന്  ഒരു വാഹനത്തിൻറെ മുമ്പിലേക്ക് എടുത്തുചാടുന്നതിന് തുല്യമാണ് ആ പ്രവർത്തി.. 
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് ആ വാഹനം വന്നിരുന്നതെങ്കിൽ പോലും ഒരു സെക്കൻഡ് കൊണ്ട് 17 മീറ്റർ അത് താണ്ടിയിട്ടുണ്ടാവും.  ഗുഡ്സ് ഓട്ടോറിക്ഷയിലെ ഡ്രൈവർ കുഞ്ഞിനെ കാണുന്നത് ഏകദേശം 5 മീറ്റർ അകലെ വച്ച് മാത്രമാണ്.  അതായത്  സെക്കൻഡിൽ 17 മീറ്റർ വേഗതയിൽ പോകുന്ന വാഹനം മൂന്നിലൊന്ന് സെക്കൻഡ് കൊണ്ട് നിന്നാൽ മാത്രമേ അപകടം ഒഴിവാകുകയുള്ളൂ ഇത് അസാധ്യമാണ്.

സ്കൂൾ വർഷാരംഭത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൊടുത്തിട്ടുള്ള കർശനമായ നിർദ്ദേശങ്ങളിൽ  ഡോർ അറ്റൻഡർക്ക് നൽകിയിട്ടുള്ള പ്രധാന ചുമതലകളിൽ ഒന്നാണ് ചെറിയ കുട്ടികളെ റോഡ് മുറിച്ച് കടക്കുവാൻ സഹായിക്കുക എന്നുള്ളത്.

ഇങ്ങനെയല്ലാത്ത സാഹചര്യങ്ങളിൽ വാഹനം പോയതിന് ശേഷം  ഇരുവശവും കാണാം എന്ന്  ഉറപ്പുവരുത്തിയതിന് ശേഷം മാത്രം സുരക്ഷിതമായ രീതിയിൽ ക്രോസിംഗ് ഡ്രിൽ രീതിയിൽ റോഡ് മുറിച്ച് കടക്കാൻ നാം അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ക്രോസിംഗ് ഡ്രില്ല് ചെറിയ ക്ലാസുകളിലെങ്കിലും അധ്യാപകരോ രക്ഷിതാക്കളോ അവരെ പ്രാക്ടീസ് ചെയ്യിക്കേണ്ടതുണ്ട്. 

 അതേപോലെ തന്നെയാണ് വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള കാര്യങ്ങളും വാഹനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് കയ്യും തലയും പുറത്തിടാതിരിക്കുന്നതും പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ ചുറ്റും കളിക്കാതിരിക്കുന്നതും റിവേഴ്സ് എടുക്കാൻ സാധ്യതയുള്ള വാഹനങ്ങളുടെ പുറകുവശത്തുകൂടി സഞ്ചരിക്കാതിരിക്കുന്നത് എല്ലാം അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്.  

റോഡിൽ കൂടി നടക്കുമ്പോൾ വലതുവശത്ത് കൂടെ നടക്കുന്നതിനും രക്ഷിതാക്കളോടൊപ്പം നടക്കുന്ന സമയത്ത് കുട്ടികൾ റോഡിന്റെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തല്ലാതെ സുരക്ഷിതമായ മറ്റു വശത്ത് കൂടെ യാത്ര ചെയ്യുന്നതിനും എല്ലാമുള്ള ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. കുട്ടികൾ അമ്മയുടെ കയ്യിൽ അല്ല പിടിക്കേണ്ടത് അമ്മ കുട്ടിയുടെ കയ്യിലാണ് എന്നുള്ളതാണ് സുരക്ഷിതത്വത്തിന്റെ ബാലപാഠം തന്നെ.

വിവേചന ബുദ്ധി കുറഞ്ഞ കുട്ടികളെ അപകടകരമായ സാഹചര്യങ്ങളെ മറികടക്കുന്നതിനുള്ള പരിശീലനങ്ങൾ രക്ഷിതാക്കളും  അധ്യാപകരും  നൽകേണ്ടതുണ്ട്...

 സുരക്ഷയോടെ ജീവിച്ചിരിക്കാനുള്ള പരിശീലനമാണ്  ഏറ്റവും പ്രാഥമികമായ വിദ്യാഭ്യാസം ...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only