Feb 16, 2024

വനം മന്ത്രി രാജിവെക്കണം. കർഷക കോൺഗ്രസ്.


താമരശ്ശേരി :മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ മരണത്തിന്റെ  ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് വനമന്ത്രി,   മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ  ആവശ്യപ്പെട്ടു.


 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലയുള്ള സർക്കാർ വന്യമൃഗ ശല്യ  വിഷയത്തിൽ നാടകം കളിക്കുകയാണ്.
 തുടർച്ചയായുള്ള വന്യജീവി ആക്രമണം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിലെ ഏകോപനക്കുറവ് മൂലം  സാധിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത വീഴ്ച ഉണ്ടാകുമ്പോൾ അവരെ നിയന്ത്രിക്കാനും വന മന്ത്രിക്കാകുന്നില്ല.
 
 വന്യമൃഗ ആക്രമണത്തിൽ ഗൗരവപരമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല.
 കഴിഞ്ഞവർഷത്തെ ബജറ്റിൽ വന്യമൃഗ പ്രതിരോധത്തിന് 50.5 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
 എന്നാൽ ഇത്തവണ അത് 48.5 കോടി രൂപയായി കുറച്ചു.
 ബജറ്റ് വിഹിതത്തിന്റെ ചെറിയ ഭാഗമാണ് ഓരോ ജില്ലയ്ക്കും ലഭിക്കുക.
 വന്യമൃഗ ശല്യം പ്രതിരോധത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ബജറ്റിൽ കൂടുതൽ തുക വകയിരുത്തുമായിരുന്നു.

വനങ്ങളുടെ സംവാഹനശേഷിക്ക് അപ്പുറം മൃഗങ്ങൾ പെരുകിയത് നിയന്ത്രിക്കാനുള്ള സംവിധാനം വേണം.
 വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതും പ്രതിരോധിക്കുന്നതും കർഷകരുടെ ബാധ്യതയാക്കരുത്.

 വനത്തിനകത്ത് നിൽക്കേണ്ട വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിന്റെ ഉത്തരവാദിത്വം വനവകുപ്പിനാണ്.
 വന്യ മൃഗങ്ങൾക്കുള്ള പരിരക്ഷ വനത്തിനുള്ളിൽ നിജപ്പെടുത്തണം
 നാട്ടിൽ ഇറങ്ങുന്ന വന്യ മൃഗങ്ങൾക്ക് യാതൊരു നിയമപരിരക്ഷയും നൽകരുത്.

വന്യമൃഗസംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ വന നിയമങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും പ്രഥമ പരിഗണന നൽകി കാലാനുസൃതമായി പരിഷ്കരിക്കണം.
 വനത്തിന്റെ കോർസോ ണിൽ ഉൾക്കൊള്ളാൻ കഴിയുന്നതിൽ  അധികമായുള്ള വന്യമൃഗങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ വിസ്തൃത വനഭൂമിയിലേക്ക് മാറ്റിയോ അല്ലെങ്കിൽ വികസിത രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ കൺട്രോൾഡ് ഹണ്ടിങ്ങിലൂടെ പരിമിതപ്പെടുത്തുകയോ ചെയ്യണം.

 വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള സമാശ്വാസവും കൃഷി നാശത്തിനുള്ള നഷ്ടപരിഹാരവും വർദ്ധിപ്പിക്കണം.
 സർക്കാർ നിയന്ത്രിത വന്യജീവികളാൽ കൊല്ലപ്പെടുന്ന നിസ്സഹായ മനുഷ്യ ജീവനുകൾക്ക് ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തിനുള്ള അവകാശം ഉണ്ട്.
 ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുകയും, നഷ്ടപരിഹാരം കണക്കാക്കി അനുവദിക്കുന്നതിന് ഫോറസ്റ്റ് ട്രിബ്യൂണലുകൾക്ക് അധികാരം നൽകുകയും വേണം.

  വന്യമൃഗ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകണം.

 വന്യമൃഗ അക്രമണത്തിൽ ഇനിയൊരാളും കൊല്ലപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം വനവകുപ്പിന് ഉണ്ടെന്നും അതിന് ആവശ്യമായ അടിയന്തര നടപടികൾ വനവകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only