കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പാക്കം തിരുമുഖത്ത് തേക്കിൻകൂപ്പിൽ വെള്ളച്ചാലിൽ പോളി (52)ന്റെ ജീവൻരക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് വി.പി. പോൾ.
കുറുവാ ദ്വീപിലേക്കുള്ള വനപാതയിൽ ചെറിയാമല ജങ്ഷനിൽവെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് ഭയന്നോടിയപ്പോൾ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോൾ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.
ആനക്കൂട്ടത്തിൽ ഒന്നും ഒരാന പോളിന് നേരെപാഞ്ഞടുത്തുവന്ന് ആക്രമിക്കുകയായിരുന്നു. ഭന്നോടിയെങ്കിലും പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. പോളിന്റെ വാലിയെല്ലുകളുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തി, ബഹളം വെച്ചാണ് കാട്ടാനയെ ഓടിച്ചത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി പോളിനെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പോളുമായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഒരുമണിക്കൂർ 57 മിനിറ്റുകൊണ്ടാണ് ആംബുലൻസ് കോഴിക്കോട്ട് എത്തിയത്. ഐ.സി.യു. ആംബുലൻസിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് നിലച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിൽ രക്തം കട്ടകെട്ടിയിരുന്നു. വാരിയെല്ലും പൊട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും.
ഒരാഴ്ചക്കിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ശനിയാഴ്ച ചാലിഗദ്ദ പടമലയിൽ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ അജീഷ് കൊല്ലപ്പെട്ടിരുന്നു.
വയനാട്ടിൽ ശനിയാഴ്ച യു.ഡി.എഫ്. ഹർത്താൽ പ്രഖ്യാപിച്ചു.
ഭാര്യ -സാനി.
മകൾ - സോന.
Post a Comment