ന്യൂഡല്‍ഹി : പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ കുമാര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ ഒഴിവുനികത്തുന്നതിനായി ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് 12 മണിക്കാണ് യോഗം നടന്നത്. ഗ്യാനേഷ് കുമാര്‍ കേരള കേഡറിലേയും സുഖ്ബീര്‍ സിങ് സന്ധു പഞ്ചാബ് കേഡറിലേയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ്.
അതേസമയം സമിതിയിലെ പ്രതിപക്ഷ പ്രതിനിധി അധീര്‍ രഞ്ജന്‍ ചൗധരി തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായും സമിതിയിലുണ്ടായിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് കമീഷണര്‍മാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക കൈമാറണമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.
ചുരുക്കപ്പട്ടികയിലെ പേരുകള്‍ മുന്‍കൂട്ടി തനിക്ക് ലഭ്യമാക്കിയില്ലെന്ന് അധീര്‍ രഞ്ജന്‍ പറഞ്ഞു. തുടര്‍ന്നുള്ള നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. അരുണ്‍ ഗോയല്‍ കഴിഞ്ഞ ആഴ്ച രാജിവെക്കുകയും അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്.
Post a Comment