പ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയുമാണ് ഡല്‍ഹി ദ്വാരക സെക്ടര്‍ മൂന്നിലെ സ്വകാര്യഹാളിൽ വിവാഹിതരായത്.
കനത്ത പൊലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകൾ നന്നത്.
വിവാഹവേദിയിലും പുറത്തും ഡൽഹി പൊലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്.
വിവാഹവേദിയില്‍വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനുമാണ് സ്ഥലത്ത് സേനയെ വിന്യസിച്ചത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജഠെഡിക്ക് വിവാഹത്തിനായി ആറുമണിക്കൂര്‍ പരോളാണ് കോടതി അനുവദിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട് നാലുമണി വരെയായിരുന്നു ഈ സമയം.
ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍, സ്‌പെഷ്യല്‍ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയില്‍ വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസിന്‍റെ കര്‍ശന സുരക്ഷാവലയത്തിലുണ്ടായിരുന്ന ദ്വാരകയിലെ വിവാഹവേദിയില്‍ അതിഥികള്‍ക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു.
വിവാഹവേദിയില്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നേരത്തെ പരിശോധന നടത്തിയിരുന്നു. ആയുധധാരികളായ കമാന്‍ഡോകള്‍ക്ക് പുറമേ ഏകദേശം 250-ലേറെ പോലീസുകാരെയാണ് വിവാഹത്തിന്‍റെ സുരക്ഷയ്ക്കായി വിന്യസിച്ചത്..
നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണുകളുമടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്ന 150 അതിഥികളുടെ പേരുവിവരങ്ങള്‍ കാലാ ജഠെഡിയുടെ ബന്ധുക്കള്‍ നേരത്തെ പൊലീസിന് കൈമാറിയിരുന്നു.
ഇതിനുപുറമേ വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ഐ.ഡി. കാര്‍ഡും പോലീസ് നല്‍കി.
സന്ദീപ് എന്ന കാലാ ജഠെഡി ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകം, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് ഇയാള്‍ക്കെതിരായ കേസുകള്‍. രാജസ്ഥാനിലെ സികാര്‍ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോള്‍വര്‍ റാണി പേര് ലഭിച്ചത്.
Post a Comment