Mar 22, 2024

മുക്കത്ത് വീണ്ടും കാട്ടുപന്നി ആക്രമണം; വീടിന് സമീപം വിറക് ശേഖരിക്കുകയായിരുന്ന വീട്ടമ്മയെ കുത്തി വീഴ്ത്തി; യുവതി പരിക്കുകളോടെ ആശുപത്രിയിൽ


മുക്കം : വീണ്ടും വന്യജീവി ആക്രമണം. വീടിന് സമീപത്ത് വിറക് ശേഖരിക്കുകയായിരുന്ന യുവതിയെ കാട്ടുപന്നി ആക്രമിച്ചു. മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലില്‍ കല്ലുരുട്ടി കുടുക്കില്‍ ബിനുവിന്റെ ഭാര്യ മനീഷക്കാണ് (30) കാട്ടുപന്നി ആക്രമണത്തിൽ കാലില്‍ സാരമായി പരുക്കേറ്റത്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലുണ്ട്. മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഈ വീഴ്ചയിലാണ് കാലിന് സാരമായി പരുക്കേറ്റത്.

മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടിയാണ് ഓടി മറഞ്ഞത്. ബഹളം കേട്ട് ബിനു എത്തിയപ്പോള്‍ മനീഷ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.

അതേസമയം, ഇന്നലെ കേളകം അടക്കാത്തോട് നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. കടുവയെ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകള്‍ ഉണ്ടായിരുന്നു. പഴുപ്പോട് കൂടിയ വ്രണങ്ങളായിരുന്നു ശരീരത്തില്‍ ഉണ്ടായിരുന്നത്. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചു. അവശനായ കടുവയെ തുടര്‍ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only