നിലമ്പൂർ വടപുറത്ത് മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ.സിന്തറ്റിക് ഇനത്തിൽപ്പെട്ട 265 ഗ്രാം മാരക മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. താമരശ്ശേരി ശിഹാബുദ്ധീൻ, നിലമ്പൂർ സ്വദേശി ഇജാസ്, തിരുവമ്പാടി സ്വദേശിനി ഷാക്കിറ എന്നിവരെയാണ് കാളികാവ് റൈഞ്ച് എക്സൈസ് സംഘം പിടികൂടിയത്.
മമ്പാട് വടപുറം താളിപ്പൊയിൽ റോഡിൽ വെച്ചാണ് ഇവർ പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നോവ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. വിപണിയിൽ ഗ്രാമിന് ഏകദേശം 5000 രൂപ രൂപയോളം വിലവരുന്ന മയക്കുമരുന്നാണിതെന്നും, ചില്ലറ വിൽപ്പനക്കായി പ്രദേശത്ത് ലോഡ്ജ് എടുത്ത് താമസിക്കാനായി എത്തിയതാണെന്നും എക്സൈസ് ഇൻസ്‌പെക്ടർ എൻ നൗഫൽ പറഞ്ഞു.വാഹന പരിശോധനയിലും മറ്റും കുടുംബമായി സഞ്ചരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയാണ് യുവതിയെ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ ദേഹ പരിശോധനയിലും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ എസ് അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം സുലൈമാൻ, കെ പി മുഹമ്മദ് ഹബീബ്, വി മുഹമ്മദ് അഫ്സൽ, എൻ മുഹമ്മദ് ശരീഫ്, വി ലിജിൻ, കെ വിപിൻ, പി രജനി, പി കെ ശ്രീജ, സവാദ് നാലകത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Post a Comment