കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസർകോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം.
പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ അടക്കം അഞ്ചു പേരും മരിച്ചു. പുന്നച്ചേരി പെട്രോള്‍ പമ്ബിനു സമീപമാണ് അപകടം. കാര്‍ ഡ്രൈവര്‍ കാസർകോട് കാലിച്ചാനടുക്കം കെ.എൻ.പത്മകുമാർ (59), ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മല്‍ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി മടങ്ങുകയായിരുന്നു സുധാകരനും കുടുംബവും.
പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറഞ്ഞെടുത്തത്. സമീപത്തെ ടർഫില്‍ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment