മലബാർ കുടിയേറ്റ ചരിത്രത്തിൽ തങ്കലിപികളിൽ ഇഴ ചേർത്തുവച്ച് കണ്ണോത്ത് ഗ്രാമത്തിന്റെ വൈജ്ഞാനിക, സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംതൃപ്തിയുടെ 75ാം ജൂബിലി നിറവിലേയ്ക്ക്. അതിജീവനത്തിന്റെ പരാധീനതകളിലും മക്കളുടെ ശോഭനമായ ഭാവിക്കായി അധ്വാനിച്ച് കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമായ ഈ സരസ്വതീ ക്ഷേത്രം 1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം തന്നെ സ്ഥാപിതമായി.75 വർഷങ്ങളായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നേകി,കലാകായിക ശാസ്ത്ര സാംസ്കാരിക മേഖലകളിലും കാർഷിക സംസ്കാരത്തിലും മികവും പെരുമയും പുലർത്തി അനർഗളം ജൈത്രയാത്ര തുടരുകയാണ് ഈ വിദ്യാലയം.
ജൂബിലി വർഷത്തോടനുബന്ധിച്ച് ചേർന്ന പ്രഥമ ആലോചനായോഗത്തിൽ സ്കൂൾ കെട്ടിട നവീകരണം ഉൾപ്പെടെ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ തീരുമാനിച്ചു. സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റ്യൻ ആലുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ജോസ് പി.എ സ്വാഗതം ആശംസിച്ചു. സ്കൂൾ പി.റ്റി. എ പ്രസിഡൻറ് ജെയ്സൺ കിളിവള്ളിക്കൽ, ഇടവക ട്രസ്റ്റി മാത്യു ചെമ്പോട്ടിക്കൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്മിത്ത് ആൻ്റണി യോഗത്തിന് നന്ദി പറഞ്ഞു.
Post a Comment