കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് തെയ്യപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലൂടെയും കക്കൂസ് മാലിന്യം തള്ളിയ വണ്ടി കണ്ടെത്തി പൊതുനിരത്തുകളിൽ മാലിന്യം തള്ളിയതിന് മുപ്പതിനായിരം രൂപ പിഴയെ ഇടാക്കി.
കഴിഞ്ഞദിവസം രാത്രി കൊട്ടാരക്കോത്ത് നിന്നും തെയ്യപ്പാറ റോഡിൽ മാലിന്യം കയറ്റി വരുന്ന വണ്ടി പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിലിന്റെ നേതൃത്വത്തിലുള്ള പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം അടക്കമുള്ള വണ്ടി കണ്ടെത്തുകയായിരുന്നു.
മലപ്പുറം പുളിക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാങ്കർ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി , സെക്രട്ടറി സീനത്ത് കെ, വാർഡ് മെമ്പർ ഷാജു ടിപി തേൻമലയിൽ , ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും കോടഞ്ചേരി പോലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയിൽ എടുക്കുകയും മാലിന്യ സംസ്കരണ ചട്ട പ്രകാരം മുപ്പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പരിപാടികൾക്ക്പൊതുജനം നൽകുന്ന പിന്തുണക്ക് അഭിനന്ദിക്കുകയും ഇത്തരത്തിൽ ഖരദ്രവ മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ഗ്രാമപഞ്ചായത്തിൽ അറിയിക്കണം എന്നും നിയമലംഘകർക്ക് ചുമത്തപ്പെടുന്ന പിഴയുടെ 10% മോ പരമാവധി 2500 രൂപയോ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി നൽകുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Post a Comment