May 23, 2024

ആത്മഹത്യാഭീഷണി മുഴക്കി16-കാരനായ കാമുകന്റെ വീട്ടിൽ താമസമാക്കി 25-കാരി


ലഖ്‌നൗ: ആത്മഹത്യാഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത കാമുകന്റെ വീട്ടില്‍ക്കയറി താമസിച്ച യുവതിക്കെതിരേ പരാതി. പതിനാറുകാരനായ കാമുകനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിച്ച മീററ്റ് സ്വദേശിയായ 25-കാരിക്കെതിരേയാണ് 16-കാരന്റെ കുടുംബം ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയത്. ഇതോടെ പോലീസ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി.

ഉത്തര്‍പ്രദേശിലെ ഷംലി സ്വദേശിയായ 16-കാരനൊപ്പം താമസിക്കാനായാണ് മീററ്റില്‍നിന്ന് യുവതിയെത്തിയത്. കാമുകനായ 16-കാരനെ വിവാഹം കഴിക്കണമെന്നും കാമുകന്റെ വീട്ടില്‍ താമസിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. സാമൂഹികമാധ്യമത്തിലൂടെയാണ് 25-കാരിയും 16-കാരനും സൗഹൃദത്തിലായത്. തുടര്‍ന്ന് യുവതി കാമുകനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു.

വീട്ടിലെത്തിയ യുവതി ഏതാനുംദിവസങ്ങള്‍ ഇവിടെ താമസിച്ചതായാണ് 16-കാരന്റെ കുടുംബം പറയുന്നത്. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെയാണ് കുടുംബം പരാതിയുമായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചത്.

സാമൂഹികമാധ്യമത്തിലൂടെയാണ് തന്റെ മകന്‍ യുവതിയെ പരിചയപ്പെട്ടതെന്നായിരുന്നു 16-കാരന്റെ പിതാവിന്റെ പ്രതികരണം. തന്റെ മകന് വിദ്യാഭ്യാസമില്ല. ജോലിക്കും പോകുന്നില്ല. അവര്‍ രണ്ടുപേരും സാമൂഹികമാധ്യമത്തിലൂടെയാണ് സൗഹൃദത്തിലായത്. ഇപ്പോള്‍ യുവതി തന്റെ വീട്ടില്‍ താമസിക്കുകയാണ്. ഇവിടെനിന്ന് ഇറക്കിവിട്ടാല്‍ ജീവനൊടുക്കുമെന്നാണ് യുവതിയുടെ ഭീഷണിയെന്നും പിതാവ് പറഞ്ഞു.
യുവതിയെ സ്വന്തം വീട്ടിലേക്ക് തിരികെ അയച്ചെങ്കിലും ഇവര്‍ തിരികെവന്നതാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് പറഞ്ഞ് കുടുംബം യുവതിയെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യുവതിയെ വനിതാ-ശിശുക്ഷേമ സമിതിക്ക് കൈമാറിയെങ്കിലും യുവതി അവിടെനിന്ന് തിരികെവരികയായിരുന്നു.

സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൈരാന എസ്.എച്ച്.ഒ. വിരേന്ദ്രകുമാര്‍ പറഞ്ഞു. മാതാപിതാക്കള്‍ യുവതിയെ തിരികെകൊണ്ടുപോയില്ലെങ്കില്‍ യുവതിയെ സംരക്ഷണകേന്ദ്രത്തിലേക്ക് അയക്കുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only