May 28, 2024

അഞ്ച് ജില്ലകളില്‍ ശക്തമായ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അഞ്ച് ജില്ലകളില്‍ ശക്തമായ മഴ പെയ്യും. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കളമശേരിയില്‍ രണ്ടര മണിക്കൂറിനിടെ പെയ്തത് 15 സെമീ മഴ. അങ്കമാലി അങ്ങാടിക്കടവ് ജംഗ്ഷനില്‍ ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി.
കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങി. ആലുവ ഇടക്കാളി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നഗരത്തില്‍ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്.
റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക്. കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരും പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.
ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്നാണ് മരം കടപുഴകി വീണത്. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്.
അതേസമയം, കേരളത്തില്‍ ഇത്തവണ അതിവര്‍ഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കേന്ത്യയിലും മധ്യേന്ത്യയിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. ജൂണിലും കൂടുതല്‍ മഴ പ്രതീക്ഷിക്കാം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മണ്‍സൂണ്‍ രണ്ടാം ഘട്ട പ്രവചനത്തിലാണ് നിരീക്ഷണം. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തിലേക്ക് എത്തിച്ചേര്‍ന്നേക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only