May 14, 2024

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം മൂലം യാത്ര മുടങ്ങി; ഭര്‍ത്താവിനെ അവസാനമായി കാണാനാവാതെ അമൃത,നൊമ്പരമായി മസ്കത്തിൽ ചികില്‍സയിലായിരുന്ന യുവാവിന്‍റെ മരണം,കേസ് കൊടുക്കുമെന്ന് കുടുംബം


തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്.


മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഭർത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്.

അടിയന്തര സാഹചര്യമാണെന്നും മസ്കറ്റിൽ എത്തണമെന്ന് പറഞ്ഞിട്ടും ആരും ഗൗരവത്തില്‍ എടുത്തില്ല. പകരം അടുത്ത ദിവസം ടിക്കറ്റ് തരാമന്നായിരുന്നു പറഞ്ഞത്. പിന്നാലെ ഒൻമ്പതാം തീയതി ടിക്കറ്റ് കിട്ടുമോയെന്നറിയാൻ അമൃത വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ സമരം തുടരുകയായിരുന്നു. വിമാന സർവീസ് ആരംഭിച്ചിരുന്നില്ല, അതിന് പിന്നാലെ അമൃതയ്ക്ക് യാത്ര റദ്ദാക്കേണ്ടിവന്നു.

സമരമുണ്ടായിരുന്നില്ലെങ്കിൽ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഭർത്താവിനെ കാണാൻകഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തിൽ ബന്ധുക്കൾ നിസ്സഹായരായിരുന്നു.

ഇന്നലെയോടെ രാജേഷിന്‍റെ അവസ്ഥ വീണ്ടും മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇന്ന് രാത്രി വൈകി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. നാളെയോടെ നാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം. 

മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ വിദ്യാർഥികളാണ്.

ടിക്കറ്റിന്‍റെ പണം റീഫണ്ട് ചെയ്യാമെന്നാണ് കമ്പനി അറിയിച്ചത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് കമ്പനിയാണ് ഉത്തരവാദികളെന്നും അതിനാല്‍ കമ്പനിക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് കുടുംബം അറിയിക്കുന്നത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only