പ്രതിസന്ധികളിൽ പെട്ടുഴലുന്ന കാർഷികരംഗത്തിന് പുത്തൻ പ്രതീക്ഷയാണ് കാർഷിക ടൂറിസം. കൃഷിയിടം മനോഹരമായും മാതൃകാപരമായും സൂക്ഷിക്കുകയും സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത്, ടൂറിസ്റ്റുകളുടെ സന്ദർശനത്തിലൂടെ ഒരു കാർഷികേതര വരുമാനം സ്വന്തമാക്കുക എന്നതാണ് കാർഷിക ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ദർശന ഫീസിൽ നിന്നും, അതുപോലെ തങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാനാവുന്നതിലൂടെയും നല്ലൊരു വരുമാനം കണ്ടെത്തുവാൻ ഇതുവഴി കർഷകർക്ക് സാധിക്കുന്നു.
കാർഷിക ടൂറിസത്തിന് ഏറ്റവും നല്ല മാതൃകയാണ് തിരുവമ്പാടിയിലെ കർഷകരുടെ കൂട്ടായ്മയായ ഇരവഞ്ഞിവാലി ടൂറിസം ഫാർമേഴ്സ് സൊസൈറ്റി കാഴ്ചവയ്ക്കുന്നത്. ഒരു പഞ്ചായത്ത് പരിധിക്കുള്ളിൽ ജില്ല/ സംസ്ഥാന /ദേശീയ അവാർഡുകൾ നേടിയ ഇത്രയധികം കർഷകരെ മറ്റൊരു നാട്ടിലും കാണുവാൻ സാധിക്കില്ല എന്നത് തിരുവമ്പാടിയുടെ വലിയ പ്രത്യേകതയാണ്.
കർഷകരുടെ കൂട്ടായ്മയുടെ മാതൃകാപരമായ ഈ സംരംഭത്തിന് പിന്തുണയേകുവാനും പ്രോത്സാഹിപ്പിക്കുവാനും പ്രചരണം നൽകുവാനുമുള്ള തീരുമാനമെടുത്തിരിക്കുകയാണ് റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി.
ഇരവഞ്ഞിപ്പുഴയുടെ സൗന്ദര്യവും കുളിർമയും
ഇരവഞ്ഞിത്താഴ്വരയുടെ മനോഹാരിതയും കാർഷിക സമൃദ്ധിയുടെ ആനന്ദവും
അനുഭവിച്ചറിയുവാനും
യഥാർത്ഥ നാടൻ ഭക്ഷ്യവിഭവങ്ങളുടെ രുചി മേള വൈഭവങ്ങളിൽ അലിഞ്ഞുചേരുവാനും മലിനമാകാത്ത ജീവവായു അനുഭവിക്കുവാനും രാജ്യമെങ്ങും നിന്നുള്ള സഞ്ചാരികളെ ഈ നാട്ടിലേക്ക് ക്ഷണിച്ച് നാടിന്റെ പെരുമ ലോകമെങ്ങും എത്തിക്കാനുള്ള ദൗത്യമാണ് ഈ തീരുമാനത്തിലൂടെ റോട്ടറി മിസ്റ്റിമെഡോസ് ഏറ്റെടുത്തിരിക്കുന്നത്.
ഫാംടൂറിസ പ്രോത്സാഹന പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ ക്ലബ് പ്രസിഡണ്ട് പി.ടി. ഹാരിസും ഈരവഞ്ഞിവാലി ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവലും ഒപ്പിട്ടു.
റോട്ടറി മിസ്റ്റി മെഡോസിന് വേണ്ടി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ധാരണാപത്രം അജു എമ്മാനുവലിന് കൈമാറി. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ സേതു ശിവശങ്കർ, മുൻ ഗവർണർ ശ്രീധരൻ നമ്പ്യാർ, അസി. ഗവർണർ വിജോഷ് കെ ജോസ്, ഗവർണർ നോമിനി മോഹൻദാസ് മേനോൻ, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അനിൽ കുമാർ, സെക്രട്ടറി ഡോ. ബെസ്റ്റി ജോസ്, ട്രഷറർ എം.റ്റി. ജോസഫ് , ഡോ. സന്തോഷ് സ്കറിയ, റെജി മത്തായി, ഷാജി ഫിലിപ്പ് വിളക്കുന്നേൽ, ജോസഫ് പുളിമൂട്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment