May 5, 2024

അനിലയെ കാണാതായത് വെള്ളിയാഴ്ച, ഇരുവരും സ്‌കൂളിൽ ഒപ്പം പഠിച്ചവർ; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം


പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും കരുതുന്നു.


ഞായറാഴ്ച രാവിലെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടുകാര്‍ വിനോദ യാത്രയ്ക്ക് പോയതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ സുഹൃത്തായ ഷിജു ഇവിടെയെത്തിയത്. വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം.

മുഖം വികൃതമായ നിലയില്‍ മൃതദേഹം...

മാരകമായ പരിക്കേറ്റ് മുഖം വികൃതമായനിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വായില്‍നിന്നടക്കം ചോരയൊലിച്ചനിലയില്‍ വീടിനുള്ളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്‌നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ബന്ധുക്കളടക്കം നിര്‍ബന്ധിച്ചു. തുടര്‍ന്ന് അനില ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്..

മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്റ്റേഷനിലും യുവാവിന്റെ മരണത്തില്‍ പരിയാരം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥലത്തെത്തിയ തളിപ്പറമ്പ് ഡിവൈ.എസ്.പി. പി. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only