May 23, 2024

പതിനെട്ടു വര്‍ഷം മുമ്പ് ബാലുശ്ശേരിയില്‍ നിന്നും കാണാതായി; അഞ്ചു മാസമായി കൊല്ലത്തെ മോര്‍ച്ചറിയില്‍: ലാബിലേക്ക് മാറ്റും മുമ്പ് ഇസ്ലാമിക രീതിയില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തിയ വാര്‍ത്ത കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു: സലീമിന് ജന്മനാട്ടില്‍ കബറടക്കം.


കോഴിക്കോട് :

ബാലുശ്ശേരിക്കടുത്തു നിന്നു പതിനെട്ടു വർഷം മുൻപു കാണാതായ ഗൃഹനാഥന്റെ മൃതദേഹം കൊല്ലത്തെ മോർച്ചറിയില്‍ നിന്നും കണ്ടെത്തി. മൃതദേഹം പഠനാവശ്യത്തിനായി ലാബിലേക്ക് മാറ്റും മുമ്ബ് മതപരമായ ചടങ്ങുകള്‍ നടത്തിയ വാർത്ത കണ്ടാണ് ബന്ധുക്കള്‍ ആളെ തിരിച്ചറിഞ്ഞത്. ഇതോടെ കാന്തപുരം മുണ്ടോചാലില്‍ അബ്ദുല്‍ സലീമിന്റെ മൃതദേഹം (70) ബന്ധുക്കളെത്തി ഏറ്റുവാങ്ങി ജന്മനാട്ടിലെത്തിച്ച്‌ കബറടക്കി.

കൊല്ലം ജില്ലാ ആശുപത്രിയില്‍ അഞ്ചു മാസം മോർച്ചറിയില്‍ സൂക്ഷിച്ചിട്ടും ഏറ്റെടുക്കാൻ ആരും എത്താത്തതിനെ തുടർന്നാണ് സലീമിന്റെ മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളജിനു പഠനാവശ്യത്തിനായി വിട്ടുകൊടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കുന്നതിനു മുൻപു ജില്ലാ ആശുപത്രിയിലെ നഴ്‌സ് മുൻകയ്യെടുത്ത് ഇസ്ലാമിക ആചാരപ്രകാരം മരണാനന്തര കർമങ്ങള്‍ നടത്തിയതു സംബന്ധിച്ച വാർത്ത കണ്ടാണു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

മദ്രാസാധ്യാപകനായിരുന്ന സലീമിനെ 2006ല്‍ ആണു കാണാതായത്. അപ്പോള്‍ 52 വയസ്സായിരുന്നു. ഉണ്ണികുളം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പതിനൊന്നാം വാർഡില്‍ സലീം സ്വതന്ത്രനായി മത്സരിച്ചിരുന്നു. അതിനു ശേഷമാണ് സലീമിനെ കാണാതാവുന്നത്. ബന്ധുക്കളും പൊലീസും ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. 2023 ഡിസംബറില്‍ കൊല്ലത്ത് അവശനിലയില്‍ കണ്ട സലീമിനെ പൊലീസുകാരാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

സലീം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അതേ ആശുപത്രിയിലെ സീനിയർ നഴ്‌സിങ് ഓഫിസർ സുരഭി മോഹന്റെ പിതാവും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. അടുത്തടുത്ത കട്ടിലുകളിലായിരുന്നു ഇരുവരും സൗഹൃദത്തിലായി. അച്ഛനെ പരിചരിക്കാനെത്തിയ സുരഭിയാണ് ആരും തുണയില്ലാത്ത സലീമിനെയും നോക്കിയത്. ഏതാനും ദിവസത്തിനകം സലീം മരിച്ചു. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം അഞ്ചു മാസത്തിനു ശേഷവും ആരും എത്താതായതോടെ പഠനാവശ്യത്തിനു വിട്ടുനല്‍കാൻ തീരുമാനിച്ചപ്പോള്‍ വിവരമറിഞ്ഞു സുരഭി പുരോഹിതരെ വരുത്തി ഇസ്ലാമിക രീതിയില്‍ മരണാനന്തര കർമങ്ങള്‍ നടത്തി.

ഇതു സംബന്ധിച്ച വാർത്തയും പടവും കണ്ടു സലീമിന്റെ സൗദിയിലുള്ള ബന്ധുക്കള്‍ കൊല്ലത്തെ പൊതുപ്രവർത്തകരെ ബന്ധപ്പെട്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പഠനാവശ്യത്തിനായി രാസവസ്തുക്കള്‍ പ്രയോഗിച്ചിരുന്നതിനാല്‍ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്താനായില്ല. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടു നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദില്‍ കബറടക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only